Skip to content

സച്ചിനും പോണ്ടിങിനും ശേഷം ആ അപൂർവ്വനേട്ടത്തിൽ ഇനി വിരാട് കോഹ്ലിയും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ ഫിഫ്റ്റിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിലെ തന്റെ 62 ആം ഫിഫ്റ്റി നേടിയ വിരാട് കോഹ്ലി 79 പന്തിൽ 66 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ ആരാധകർ കാത്തിരുന്ന സെഞ്ചുറി കുറിക്കാൻ സാധിച്ചില്ലയെങ്കിലും ചരിത്രനേട്ടം കോഹ്ലി സ്വന്തമാക്കി.

( Picture Source : Twitter / Bcci )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് സെഞ്ചുറി നേടിയ കെ എൽ രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ കോഹ്ലിയുടെയും പന്തിന്റെയും മികവിൽ നിശ്ചിത 50 ഓവറിൽ 336 റൺസ് നേടിയെങ്കിലും വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഇംഗ്ലണ്ട് ഉയർത്തിയ 337 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 112 പന്തിൽ 124 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 52 പന്തിൽ 99 റൺസ് നേടിയ ബെൻ സ്റ്റോക്സുമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ജേസൺ റോയ് 52 പന്തിൽ 55 റൺസ് നേടി.

( Picture Source : Twitter / Bcci )

മത്സരത്തിലെ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ മൂന്നാമനായി പതിനായിരം റൺസ് വിരാട് കോഹ്ലി പിന്നിട്ടു. ഏകദിനത്തിൽ ഒരു പൊസിഷനിൽ 10,000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. രണ്ടാം 13,685 നമ്പറിൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറും മൂന്നാമനായി 12,662 റൺസ് നേടിയ റിക്കി പോണ്ടിങും മാത്രമാണ് കോഹ്ലിയ്ക്ക് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter / Bcci )

ഏകദിനത്തിൽ ഒരു പൊസിഷനിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് പിന്നിടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി. അതാത് പൊസിഷനുകളിൽ 10,000 റൺസ് നേടാൻ സച്ചിൻ ടെണ്ടുൽക്കർക്ക് 211 ഉം റിക്കി പോണ്ടിങിന് 253 ഉം ഇന്നിങ്സുകൾ വേണ്ടിവന്നപ്പോൾ വെറും 190 ഇന്നിങ്സുകൾ മാത്രമാണ് ഈ നാഴികക്കല്ല് പിന്നിടാൻ കോഹ്ലിയ്ക്ക് വേണ്ടിവന്നത്.

ഒരു പൊസിഷനിൽ 10,000 റൺസ് പിന്നിടുമ്പോൾ സച്ചിൻ 35 സെഞ്ചുറിയും പോണ്ടിങ് 24 സെഞ്ചുറിയും നേടിയപ്പോൾ മൂന്നാമനായി ഏകദിന ക്രിക്കറ്റിൽ 36 സെഞ്ചുറി കോഹ്ലി നേടിയിട്ടുണ്ട്. മത്സരത്തിലെ പ്രകടനമടക്കം ഏകദിന ക്രിക്കറ്റിൽ മൂന്നാമനായി 190 ഇന്നിങ്സിൽ നിന്നും 63.01 ശരാശരിയിൽ 10019 റൺസ് കോഹ്ലി നേടിയിട്ടുണ്ട്‌. മൂന്നാമനായി 51 ഫിഫ്റ്റിയും 36 സെഞ്ചുറിയും കോഹ്ലി നേടിയിട്ടുണ്ട്‌.