Skip to content

ജീവിതത്തിൽ ഒരിക്കലും സെഞ്ചുറിയ്ക്ക് വേണ്ടി കളിച്ചിട്ടില്ല ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ജീവിതത്തിൽ സെഞ്ചുറിയ്ക്ക് വേണ്ടി താനൊരിക്കലും കളിച്ചിട്ടില്ലയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷമായിരുന്നു കോഹ്ലിയുടെ ഇത്തരത്തിലുള്ള പ്രകടനം. കഴിഞ്ഞ ആറ് ഏകദിനങ്ങളിൽ അഞ്ചിലും ഫിഫ്റ്റി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും മൂന്നക്കംകടക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. രണ്ടാം ഏകദിനത്തിൽ 79 പന്തിൽ 66 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്.

2019 ൽ ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിലാണ് കോഹ്ലി അവസാനമായി സെഞ്ചുറി നേടിയത്. നിലവിൽ ഏകദിന ക്രിക്കറ്റിൽ 43 സെഞ്ചുറി നേടിയ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറി നേടിയിട്ടുണ്ട്‌.

” ഞാൻ ജീവിതത്തിൽ ഒരിക്കലും സെഞ്ചുറികൾക്ക് വേണ്ടി കളിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം സെഞ്ചുറികൾ നേടാൻ എനിക്ക് സാധിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ടീമിന്റെ വിജയത്തിലെത്തിക്കാൻ സഹായിക്കുകയെന്നതാണ് പ്രധാനം. ടീം വിജയിക്കാതെ നിങ്ങൾ മൂന്നക്കം കടക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. കരിയർ അവസാനിച്ച ശേഷം നിങ്ങൾ നിങ്ങളുടെ കണക്കുകൾ നോക്കിയിരിക്കാൻ പോകുന്നില്ല. നിങ്ങൾ എങ്ങനെയാണ് കളിക്കുന്നത് എന്നുള്ളതിലാണ് കാര്യം. ” മത്സരശേഷം കോഹ്ലി പറഞ്ഞു.

മത്സരത്തിൽ 6 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 114 പന്തിൽ 104 റൺസ് നേടിയ കെ എൽ രാഹുൽ, 40 പന്തിൽ 77 റൺസ് നേടിയ റിഷാബ് പന്ത്, 79 പന്തിൽ 66 റൺസ് നേടിയ വിരാട് കോഹ്ലി എന്നിവരുടെ മികവിൽ ഇന്ത്യ ഉയർത്തിയ 337 റൺസിന്റെ വിജയലക്ഷ്യം വെറും 43.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.

52 പന്തിൽ 55 റൺസ് നേടിയ ജേസൺ റോയ്, 112 പന്തിൽ 11 ഫോറും 7 സിക്സുമടക്കം 124 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 52 പന്തിൽ 4 ഫോറും, 10 സിക്സുമടക്കം 99 റൺസ് നേടിയ ബെൻ സ്റ്റോക്സ് എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് അനായാസ വിജയം നേടിയത്. വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് ഇന്ത്യയ്ക്കൊപ്പമെത്തി. മാർച്ച് 28 നാണ് സിരീസ് ഡിസൈഡർ.