Skip to content

അരങ്ങേറ്റത്തിൽ ഇങ്ങനെയൊരു നേട്ടം ഇതാദ്യം ; 24 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയെഴുതി പ്രസിദ് കൃഷ്ണ

ഇംഗ്ലണ്ടിനെതിരായ ആദ്യ എകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. 42. 1 ഓവറില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു. 318 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് 14.2ഓവറില്‍ 135 റണ്‍സ് നേടി. 46 റണ്‍സെടുത്ത ജേസണ്‍ റോയിയാണ് ആദ്യം പുറത്തായത്. അധികം വൈകാതെ സ്റ്റോക്‌സിനെയും പുറത്താക്കി ഇന്ത്യ മുന്നറിയിപ്പ് നൽകി.

ഓരോ ഇടവേളയിലും വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലാവുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയവർക്ക് നിർണായക പാർട്ണർഷിപ്പുകൾ ഉണ്ടാക്കാനായില്ല.
4 വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ പ്രസിദ്കൃഷ്ണയുടെയും 3 വിക്കറ്റ് നേടിയ താക്കൂറിന്റെയും 2 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

അരങ്ങേറ്റ മത്സരത്തിൽ തുടക്കത്തിൽ പതറിയെങ്കിലും പ്രസിദ് കൃഷ്ണ വൻ തിരിച്ചു വരവ് നടത്തുകയായിരുന്നു. ഒരോവറിൽ 22 റൺസ് ഉൾപ്പെടെ വഴങ്ങിയ പ്രസിദ് കൃഷ്ണ ആദ്യ 3 ഓവറിൽ 37 റൺസാണ് നൽകിയത്, എന്നാൽ അവസാന 5.1 ഓവറിൽ 17 റൺസ് മാത്രമാണ് വിട്ടു നൽകിയത്. 4 വിക്കറ്റും നേടിയിരുന്നു.

ഈ പ്രകടനത്തോടെ ഇന്ത്യൻ ബോളർമാരിൽ അരങ്ങേറ്റത്തിൽ 4 വിക്കറ്റ് നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് പ്രസിദ് കൃഷ്ണ. റോയ്, സ്റ്റോക്‌സ്, ബില്ലിംഗ്സ്, ടോം കറൻ എന്നിവരാണ് യുവതാരത്തിന്റെ ബോളിങിന് മുന്നിൽ കീഴടങ്ങിയത്.

അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ സീമറുടെ മികച്ച ഫിഗറാണിത്. 24 വർഷം പഴക്കമുള്ള നോയൽ ഡേവിഡിന്റെ റെക്കോർഡാണ് പ്രസിദ് കൃഷ്ണ മറികടന്നത്. 24 വർഷം മുമ്പ് 1997 ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ഏകദിന അരങ്ങേറ്റ മത്സരത്തിൽ ഡേവിഡ് 21 ന് 3 വിക്കറ്റ് നേടിയിരുന്നു.