Skip to content

ടി20 ലോകകപ്പിൽ കളിക്കാൻ അവൻ തയ്യാറായി കഴിഞ്ഞു, സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. അരങ്ങേറ്റ ഇന്നിങ്സിൽ തകർപ്പൻ പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്.

പരമ്പരയിൽ ഇന്ത്യ വിജയിച്ച മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയത് ഇരുവരുമാണ്. രണ്ടാം മത്സരത്തിൽ 32 പന്തിൽ 56 റൺസ് നേടിയ ഇഷാൻ കിഷൻ ഇന്ത്യയുടെ വിജയശില്പിയായപ്പോൾ നാലാം മത്സരത്തിൽ 31 പന്തിൽ 57 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.

” അവരുടെ രണ്ടുപേരുടെയും കഴിവിൽ യാതൊരു സംശയത്തിന്റെ ആവശ്യമില്ല. അതാണ് അവരുടെ സെലക്ഷനിലേക്ക് നയിച്ചത്. ഐ പി എല്ലിൽ മികവുറ്റ വിദേശ താരങ്ങൾക്കെതിരെ അവരെ കളിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ വരുന്ന ടി20 ലോകകപ്പിൽ കളിക്കാൻ അവർ തയാറാണെന്ന് എനിക്കുറപ്പിച്ച് പറയുവാൻ സാധിക്കും. ” സച്ചിൻ പറഞ്ഞു.

” അവർ മികച്ച താരങ്ങളാണ്, സൂര്യയ്ക്കൊപ്പം കുറെയേറെ സമയം ചിലവഴിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അവന്റെ കഴിവ് അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ ഐ പി എൽ സീസണിന് മുൻപ് നെറ്റ്സിൽ പരിശീലനത്തിനിടെ ഒരുപാട് കാര്യങ്ങളിൽ മെച്ചപ്പെടാൻ ഇഷാൻ കിഷൻ ശ്രമിച്ചിരുന്നു, അവന്റെ ബാറ്റിങിലെ സ്വിങിലും ഒപ്പം മാനസികമായും മറ്റും, അതിനുശേഷമുള്ള അവന്റെ വളർച്ച ശ്രദ്ധേയമായിരുന്നു. ” സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തു.

നേരിട്ട ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ബൗളർ ജോഫ്രാ ആർച്ചർക്കെതിരെ സൂര്യകുമാർ യാദവ് സിക്സ് പറത്തിയിരുന്നു. ഐ പി എല്ലിൽ ഇതിനു മുൻപ് ജോഫ്രാ ആർച്ചറെയും മറ്റു ഇംഗ്ലണ്ട് ബൗളർമാരെയും നേരിട്ടതിനാലാണ് ഇംഗ്ലണ്ട് ബൗളിങ് അറ്റാക്കിനെ കൈകാര്യം ചെയ്യാൻ സൂര്യകുമാർ യാദവിനും ഇഷാൻ കിഷനും സാധിച്ചതെന്നും സച്ചിൻ പറഞ്ഞു.

” ലോകത്തെമ്പാടുമുള്ള മികച്ച താരങ്ങൾക്കെതിരെ കളിക്കുവാൻ ഇന്ത്യൻ യുവതാരങ്ങൾക്ക് ഐ പി എൽ അവസരം ഒരുക്കി. രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് മുൻപേ ഇന്ന് അവർക്കെതിരെ കളിക്കുവാൻ അവസരം ലഭിക്കുന്നു. ” സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തു.