Skip to content

ആദ്യ പന്തിൽ സിക്സ്, രോഹിത് ശർമ്മ കുറിച്ചത് അപൂർവ്വറെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലെ ആദ്യ പന്തിൽ സിക്സ് പറത്തി അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യ 8 റൺസിന് വിജയിച്ച മത്സരത്തിൽ 12 പന്തിൽ 12 റൺസ് നേടി രോഹിത് ശർമ്മ പുറത്തായിരുന്നു.

മത്സരത്തിൽ 31 പന്തിൽ 57 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെയും മൂന്ന് വിക്കറ്റ് നേടിയ ഷാർദുൽ താക്കൂറിന്റെയും മികവിലാണ് ഇന്ത്യ 8 റൺസിന്റെ വിജയം നേടിയത്. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ ഇംഗ്ലണ്ടിനൊപ്പമെത്തുകയും ചെയ്തിരുന്നു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 177 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.

മത്സരത്തിൽ ആദ്യം ഓവർ എറിയാനെത്തിയ ആദിൽ റഷീദിന്റെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമ്മ സിക്സ് നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ടി20യിൽ ഒരു ഇന്നിങ്സിലെ ആദ്യ പന്തിൽ സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി.

മത്സരത്തോടെ ടി20 ക്രിക്കറ്റിൽ 9000 റൺസും രോഹിത് ശർമ്മ പൂർത്തിയാക്കി. ടി20 ക്രിക്കററ്റിൽ വിരാട് കോഹ്ലിയ്ക്ക് ശേഷം 9000 റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ.

ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർഡ്, ഷൊഹൈബ് മാലിക്ക്, ബ്രണ്ടൻ മക്കല്ലം, ഡേവിഡ് വാർണർ, ആരോൺ എന്നിവരാണ് വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും കൂടാതെ ടി20 ക്രിക്കറ്റിൽ 9,000 റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാന്മാർ.

മത്സരത്തിൽ നേടിയ സിക്സോടെ അന്താരാഷ്ട്ര ടി20യിൽ ഹോമിൽ 50 സിക്സുകൾ രോഹിത് ശർമ്മ പൂർത്തിയാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനാൻ ഹിറ്റ്മാൻ.