Skip to content

അമ്പയർമാർക്ക് അതെങ്ങനെയാണ് കാണാൻ സാധിക്കുക ? രൂക്ഷവിമർശനവുമായി വിരാട് കോഹ്ലി

ഐസിസി യുടെ സോഫ്റ്റ്‌ സിഗ്നൽ നിയമത്തിനെതിരെ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ അമ്പയറുടെ തീരുമാനങ്ങൾ ഇംഗ്ലണ്ടിന് അനുകൂലമായതിന് പുറകെയാണ് വിമർശനവുമായി കോഹ്ലി രംഗത്തെത്തിയത്.

മത്സരത്തിലെ പതിനാലാം ഓവറിലാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്. സാം കറൺ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ സൂര്യകുമാർ യാദവ് ബൗണ്ടറി നേടാൻ ശ്രമിക്കുകയും ഡേവിഡ് മലാൻ പന്ത് കൈപിടിയിലൊതുക്കുകയും ചെയ്തു. ക്യാച്ചിൽ വ്യക്തതയില്ലാത്തതിനാൽ സോഫ്റ്റ് സിഗ്നലായി ഔട്ട് നൽകിയ ശേഷം ഓൺ ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിടുകയും ദൃശ്യങ്ങൾ ഏറെസമയം പരിശോധിച്ച തേർഡ് അമ്പയർ ആവശ്യമായ തെളിവില്ലാത്തതിനാൽ സോഫ്റ്റ് സിഗ്നൽ മുൻനിർത്തി ഔട്ട് നൽകുകയായിരുന്നു.

” ടെസ്റ്റ് പരമ്പരയിൽ ഇത്തരത്തിലൊരു സംഭവമുണ്ടായി. ഞാൻ അജിങ്ക്യ രഹാനെയ്ക്ക് അരികിലായിരുന്നു, അവൻ പന്ത് ക്യാച്ച് ചെയ്തുവെങ്കിലും അതിലവന് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങൾ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. ക്യാച്ച് ചെയ്ത ഫീൽഡർ സംശയത്തിലാണെങ്കിലും സ്ക്വയർ ലെഗ് അമ്പയർക്ക് അത് തീർച്ചയായും കാണാനാകില്ല. ” കോഹ്ലി പറഞ്ഞു.

” സോഫ്റ്റ് സിഗ്നലെന്നത് വളരെ പ്രധാനമാണ്, എന്നാൽ ചില സമയത്ത് അത് കബളിപ്പിക്കുന്നതുമാണ്. ‘ എനിക്കറിയില്ല ‘ എന്ന് അമ്പയർമാർക്ക് എന്തുകൊണ്ടാൻ പറയാൻ സാധിക്കാത്തത്. ഇത് Umpire’s Call ന് സമാനമാണ്. ഇതെല്ലാം മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള തീരുമാനങ്ങളാണ്, പ്രത്യേകിച്ചും ഇത്തരം നിർണായക മത്സരങ്ങളിൽ. ഇത്തവണ ഞങ്ങൾക്കാണ് തീരുമാനം എതിരായത്, ഒരുപക്ഷേ നാളെ ഇത് മറ്റുടീമുകൾക്കും സംഭവിച്ചേക്കാം. ഇതെല്ലാം തേച്ചുമിനുക്കി മത്സരത്തെ കൂടുതൽ എളുപ്പമാക്കേണ്ടതുണ്ട്. ഇതൊരിക്കലും സമ്മർദ്ദം നിറഞ്ഞ മത്സരങ്ങൾക്ക് അനുയോജ്യമല്ല. ” കോഹ്ലി കൂട്ടിച്ചേർത്തു.

മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സൂര്യകുമാർ യാദവിനെ അഭിനന്ദിക്കാനും കോഹ്ലി മറന്നില്ല.

” സൂര്യകുമാർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. മത്സരത്തിലെ അവന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. ഇഷാൻ കിഷന്റെത് പോലെതന്നെ. ഈ പരമ്പരയ്ക്ക് ശേഷം ഞങ്ങൾക്കിനി ടി20 പരമ്പരകളില്ല. അതുകൊണ്ട് തന്നെ ഈ താരങ്ങൾ ആത്മവിശ്വാസത്തോടെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ മൂന്നാമനായി ബാറ്റ് ചെയ്യുകയെന്നത് എളുപ്പമല്ല, എന്നാൽ അവൻ ഞങ്ങളെയെല്ലാം ഞെട്ടിച്ചു. ” കോഹ്ലി കൂട്ടിച്ചേർത്തു.