Skip to content

ആവേശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 8 റൺസിന്റെ ആവേശ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 177 റൺസ് നേടാനെ സാധിച്ചുള്ളു.

ഇംഗ്ലണ്ടിന് വേണ്ടി 27 പന്തിൽ 40 റൺസ് നേടിയ ജേസൺ റോയും 23 പന്തിൽ 46 റൺസ് നേടിയ ബെൻ സ്റ്റോക്സും 8 പന്തിൽ 18 റൺസ് നേടിയ ജോഫ്രാ ആർച്ചറും മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

തുടർച്ചയായ പന്തുകളിൽ ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെയും പുറത്താക്കിയ മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയത്. നാലോവറിൽ 42 റൺസ് വഴങ്ങിയെങ്കിലും മൂന്ന് വിക്കറ്റുകൾ താക്കൂർ വീഴ്ത്തി. നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ചഹാലിന് പകരക്കാരനായി എത്തിയ രാഹുൽ ചഹാർ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 31 പന്തിൽ 57 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെയും 18 പന്തിൽ 37 റൺസ് നേടിയ ശ്രേയസ് അയ്യരുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ നാലോവറിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദിൽ റഷീദ്, മാർക്ക് വുഡ്, ബെൻ സ്റ്റോക്സ്, സാം കറൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-2 ന് ഇംഗ്ലണ്ടിനൊപ്പമെത്തി. മാർച്ച് 20 നാണ് പരമ്പരയിലെ അവസാന മത്സരം.