Skip to content

ഫിഞ്ചിനെ പിന്നിലാക്കി, ആ റെക്കോർഡിൽ കോഹ്ലി ഇനി കെയ്ൻ വില്യംസനൊപ്പം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലെ അർധ സെഞ്ചുറിയോടെ ടി20 ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 46 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.

( Picture : Bcci / Twitter )

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. 52 പന്തിൽ പുറത്താകാതെ 83 റൺസ് നേടിയ ജോസ് ബട്ട്ലറുടെയും 28 പന്തിൽ 40 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെയും മികവിലാണ് സന്ദർശകർ അനായാസ വിജയം നേടിയത്.

അന്താരാഷ്ട്ര ടി20യിലെ തന്റെ 27 ആം ഫിഫ്റ്റിയാണ് മത്സരത്തിൽ കോഹ്ലി നേടിയത്. കൂടാതെ ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യിൽ കോഹ്ലി നേടുന്ന പതിനൊന്നാമത്തെ ഫിഫ്റ്റിയാണിത്. ഇതോടെ അന്താരാഷ്ട്ര ടി20യിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനൊപ്പം കോഹ്ലിയെത്തി.

ക്യാപ്റ്റനായി 10 ഫിഫ്റ്റി നേടിയിട്ടുള്ള ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിനെയാണ് ഈ നേട്ടത്തിൽ കോഹ്ലി പിന്നിലാക്കിയത്. 9 ഫിഫ്റ്റി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ, 8 ഫിഫ്റ്റി നേടിയ മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് ഈ നേട്ടത്തിൽ പുറകിലുള്ളത്.

പരമ്പരയിലെ കോഹ്ലിയുടെ തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണിത്. നേരത്തെ കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ 3,000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡും ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കിയിരുന്നു.