Skip to content

അവൻ തന്നെയാണ് ഞങ്ങളുടെ ഓപ്പണർ, കെ എൽ രാഹുലിനെ പിന്തുണച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും മോശം പ്രകടനം കാഴ്ച്ചവെച്ച ഓപ്പണർ കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യ 8 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ കെ എൽ രാഹുൽ റണ്ണൊന്നും നേടാതെയാണ് പുറത്തായത്. നാല് പന്തുകൾ നേരിട്ട കെ എൽ രാഹുലിനെ മാർക്ക് വുഡാണ് പുറത്താക്കിയത്.

( Picture Source : Twitter / Bcci )

പരമ്പരയിലെ കഴിഞ്ഞ മത്സരത്തിലും കെ എൽ രാഹുൽ പൂജ്യത്തിന് പുറത്തായിരുന്നു. 6 പന്തുകൾ നേരിട്ട രാഹുലിനെ ആദ്യ ഓവറിലെ അവസാന പന്തിലാണ് സാം കറൺ പുറത്താക്കിയത്. പരമ്പരയിലെ ആദ്യ മത്സരത്തിലാകട്ടെ ഒരു റൺ നേടാൻ മാത്രമാണ് രാഹുലിന് സാധിച്ചത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും രാഹുൽ പൂജ്യത്തിനാണ് പുറത്തായത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ വെറും ഒരു റൺ നേടാൻ മാത്രമാണ് കെ എൽ രാഹുലിന് സാധിച്ചിട്ടുള്ളത്.

” 2 മത്സരങ്ങൾക്ക് മുൻപ് വരെ എന്റെയും പ്രകടനം മോശമായിരുന്നു. കെ എൽ രാഹുൽ ഒരു ചാമ്പ്യൻ താരമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തെ ടി20 ക്രിക്കറ്റിലെ കണക്കുകൾ പരിശോധിച്ചാൽ അവനെക്കാൾ മികച്ച ബാറ്റ്‌സ്മാൻ ടി20യിൽ ഉണ്ടാകില്ല. ടോപ്പ് ഓർഡറിൽ രോഹിത് ശർമ്മയ്ക്കൊപ്പം അവനായിരിക്കും ഞങ്ങളുടെ പ്രധാന ബാറ്റ്‌സ്മാൻ. ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല. അഞ്ചോ ആറോ പന്തുകൾ മാത്രം മതി ഈ ഫോർമാറ്റിൽ നിങ്ങളുടെ ഫോമിൽ തിരിച്ചെത്താൻ. ” മത്സരശേഷം കോഹ്ലി പറഞ്ഞു.

മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപെടുത്തിയത്. ഇന്ത്യ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 52 പന്തിൽ 83 റൺസ് നേടിയ ജോസ് ബട്ട്ലറുടെയും 28 പന്തിൽ 48 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെയും മികവിലാണ് ഇംഗ്ലണ്ട് അനായാസ വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 46 പന്തിൽ 8 ഫോറും നാല് സിക്സുമടക്കം 77 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് മൂന്നും ക്രിസ് ജോർദാൻ 2 വിക്കറ്റും നേടി.