Skip to content

അവൻ പറഞ്ഞു ഞാൻ ചെയ്തു, തിരിച്ചുവരവിൽ ഡിവില്ലിയേഴ്സിന് നന്ദി പറഞ്ഞ് വിരാട് കോഹ്ലി

തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ ശേഷം ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റിയോടെ ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിലെ 7 വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിന്റെ പങ്കിനെ കുറിച്ച് കോഹ്ലി വെളിപ്പെടുത്തുകയും ചെയ്തു.

32 പന്തിൽ 56 റൺസ് നേടിയ ഇഷാൻ കിഷന്റെയും 49 പന്തിൽ പുറത്താകാതെ 73 റൺസ് നേടിയ കോഹ്ലിയുടെയും ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ ഇന്ത്യ മറികടന്നത്.

” ടീമിന് വേണ്ടി ജോലി ചെയ്യുന്നതിൽ ഞാൻ എപ്പോഴും അഭിമാനിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ എത്ര റൺസ് സ്കോർ ചെയ്യുന്നുവെന്നതിനേക്കാൾ ഞാൻ സന്തോഷിക്കുന്നത് ടീമിന്റെ വിജയത്തിലാണ്. ഫോമിൽ തിരിച്ചെത്താൻ ഞാൻ വീണ്ടും അടിസ്‌ഥാന കാര്യങ്ങൾ ശ്രദ്ധിച്ചു. ടീം മാനേജ്‌മെന്റ് എന്നോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. അനുഷ്‌ക ഇവിടെയുണ്ട് അവളും ഞാനെന്താണ് ചെയ്യേണ്ടതെന്ന് കുറേയേറെ കാര്യങ്ങൾ പറഞ്ഞിരുന്നു. ഒപ്പം മത്സരത്തിന് മുൻപ് ഞാൻ എ ബി ഡിയുമായി സംസാരിച്ചിരുന്നു. ബോൾ വാച്ച് ചെയ്താൽ മതിയെന്ന് അവനെന്നോട് ആവശ്യപെട്ടു. ഞാനത് ചെയ്യുകയും ചെയ്തു. ” മത്സരശേഷം കോഹ്ലി പറഞ്ഞു.

( Picture Source : Twitter )

അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇഷാൻ കിഷനെ അഭിനന്ദിക്കാനും കോഹ്ലി മറന്നില്ല. ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷൻ 32 പന്തിൽ 5 ഫോറും നാല് സിക്സുമടക്കം 56 റൺസ് നേടിയാണ് പുറത്തായത്.

” ഇഷാൻ കിഷൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്, അവന്റെ ഇന്നിങ്സാണ് മത്സരം എതിർടീമിന്റെ കയ്യിൽ പിടിച്ചെടുത്തത്. അരങ്ങേറ്റത്തിൽ തന്നെ വളരെ മികച്ച ഇന്നിങ്‌സ്. ഐ പി എല്ലിൽ അന്താരാഷ്ട്ര ഫാസ്റ്റ് ബൗളർക്കെതിരെ വമ്പൻ സിക്സുകൾ അവൻ നേടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ശ്രദ്ധയില്ലാതെയല്ല കണക്കുകൂട്ടി തന്നെയാണ് അവൻ സിക്സ് നേടുന്നത്. ഇന്ന് അവന്റെ കൗണ്ടർ അറ്റാക്കിങ് ഇന്നിങ്സും ഞങ്ങളുടെ കൂട്ടുകെട്ടും ടീമിന് അനിവാര്യമായിരുന്നു. ” കോഹ്ലി പറഞ്ഞു.

( Picture Source : Twitter / Bcci )