Skip to content

തുടർച്ചയായി പറത്തിയത് നാല് സിക്സ്, 21 പന്തിൽ ഫിഫ്റ്റി നേടി യുവരാജ് സിങ്, വീഡിയോ കാണാം

യുവി പഴയ യുവി തന്നെ !! അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിൽ 6 സിക്സ് നേടിയ ഒരേയൊരു ഇന്ത്യൻ ബാറ്റ്‌സ്മാനായ യുവി വീണ്ടും തകർപ്പൻ പ്രകടനത്തിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. റോഡ് സേഫ്റ്റി വേൾഡ് സിരീസിൽ സൗത്താഫ്രിക്ക ലെജൻഡ്സിനെതിരായ മത്സരത്തിലാണ് യുവി വീണ്ടും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. മത്സരത്തിൽ ഒരോവറിലെ തുടർച്ചയായ നാല് പന്തുകളിൽ സിക്സ് പറത്തിയ യുവി 21 പന്തിൽ ഫിഫ്റ്റി നേടുകയും ചെയ്തു.

( Picture Source : Twitter )

മത്സരത്തിൽ 56 റൺസിനാണ് സൗത്താഫ്രിക്ക ലെജൻഡ്സിനെ ഇന്ത്യ ലെജൻഡ്സ് പരാജയപെടുത്തിയത്. 22 പന്തിൽ പുറത്താകാതെ 52 റൺസ് നേടിയ യുവിയ്ക്കൊപ്പം 37 പന്തിൽ 60 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു.

( Picture Source : Twitter )

ഡി ബ്രയൻ എറിഞ്ഞ പതിനെട്ടാം ഓവറിലാണ് യുവരാജ് തുടർച്ചയായ നാല് സിക്സ് പറത്തിയത്.

വീഡിയോ കാണാം ;

https://twitter.com/YuviWorld/status/1370759516111794177?s=19

അന്താരാഷ്ട്ര ടി20യിൽ ഒരോവറിലെ 6 പന്തിലും സിക്സ് നേടിയ ആദ്യ ബാറ്റ്‌സ്മാനാണ് യുവരാജ് സിങ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ബാറ്റ്‌സ്മാന്മാർ മാത്രമാണ് ഒരോവറിലെ 6 പന്തിലും സിക്സ് നേടിയിട്ടുള്ളത്. 2007 ൽ മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഹെർഷൽ ഗിബ്സും യുവരാജ് സിങും ഈ നേട്ടം സ്വന്തമാക്കിയപ്പോൾ ഈ മാസം ശ്രീലങ്കയ്ക്കെതിരായ ടി20യിൽ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ഒരോവറിലെ 6 പന്തിലും സിക്സ് നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 205 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ 148 റൺസ് നേടാനെ സാധിച്ചുള്ളു. മൂന്നോവറിൽ 18 റൺസ് മാത്രം 2 വിക്കറ്റ് വീഴ്ത്തിയ യുവരാജ് സിങ് ബൗളിങിലും മികവ്‌ പുലർത്തി.

( Picture Source : Twitter )