മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ടീമിനെക്കാൾ മികച്ച ടീമെന്ന് പരിഹസിച്ച മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിന് തകർപ്പൻ മറുപടി നൽകി മുൻ ഇന്ത്യൻ താരം വസിം ജാഫർ. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ടീമിനേക്കാൾ മികച്ച ടീമാണെന്ന് വോൺ ട്വിറ്ററിൽ കുറിച്ചത്. മത്സരത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യ 8 വിക്കറ്റിന് പരാജയപെടുകയും ചെയ്തിരുന്നു.
മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 125 റൺസിന്റെ വിജയലക്ഷ്യം 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 32 പന്തിൽ 49 റൺസ് നേടി തകർത്തടിച്ച ജേസൺ റോയാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.
ട്വിറ്ററിലൂടെ തന്നെയായിരുന്നു ഇന്ത്യയെ പരിഹസിച്ച മൈക്കൽ വോണിന് വസിം ജാഫർ മറുപടി നൽകിയത്. എല്ലാ ടീമുകൾക്കും നാല് വിദേശ താരങ്ങളെ കളിപ്പിക്കാനുള്ള ഭാഗ്യമുണ്ടാകില്ലയെന്നായിരുന്നു മൈക്കൽ വോണിന് വസിം ജാഫറുടെ മറുപടി. നിലവിലെ ഇംഗ്ലണ്ട് ടീമിൽ ക്യാപ്റ്റൻ ഓയിൻ മോർഗൻ, ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്, ജോഫ്രാ ആർച്ചർ, ക്രിസ് ജോർദാൻ, ജേൺ റോയ് തുടങ്ങിയ താരങ്ങൾ മറ്റു രാജ്യക്കാരാണ്.
https://twitter.com/WasimJaffer14/status/1370403081515532290?s=19
മത്സരത്തിൽ 48 പന്തിൽ 67 റൺസ് നേടിയ ശ്രേയസ് അയ്യർ മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്. നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജോഫ്രാ ആർച്ചറാണ് മാൻ ഓഫ് ദി മാച്ച്.
വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുൻപിലെത്തി. മാർച്ച് 14 ന് ഇതേ വേദിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.