Skip to content

ധോണിക്ക് പോലും സാധിക്കാത്ത നേട്ടത്തിൽ റിഷഭ് പന്ത് ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി പന്ത്

ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കടന്ന് പോവുന്നത്. ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് പന്ത്. ഓസ്‌ട്രേലിയൻ മണ്ണിൽ നടന്ന 4 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ടോപ്പ് സ്‌കോററായിരുന്നു. 5 ഇന്നിംഗ്‌സിൽ നിന്ന് 274 റൺസാണ് നേടിയത്.

ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ സീരീസിലും പന്ത് ആ പ്രകടനം ആവർത്തിക്കുകയായിരുന്നു. ഇത്തവണ ഒരു സെഞ്ചുറി ഉൾപ്പെടെ 6 ഇന്നിംഗ്‌സിൽ 54 ആവേറേജിൽ 270 റൺസ് നേടി. തുടർച്ചയായ 2 സീരീസിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങ്ങിൽ വൻ നേട്ടമാണ് പന്ത് കൊയ്തത്.

അഹമ്മദാബാദിൽ നടന്ന അവസാന ടെസ്റ്റിൽ സെഞ്ചുറി നേടിയതിന് പിന്നാലെ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിച്ചിരിക്കുകയാണ് പന്ത്. 747 പോയിന്റോടെ ഏഴാം റാങ്കിലാണ് യുവതാരത്തിന്റെ സ്ഥാനം.

https://twitter.com/ICC/status/1369633173961838592?s=19

റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം പിടിച്ചതോടെ അപൂർവ്വ നേട്ടവും പന്ത് സ്വന്തമാക്കി. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരിൽ പത്തിന് താഴെ റാങ്കിങ്ങിലെത്തുന്ന ആദ്യ താരമാണ് പന്ത്. മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന ധോണിയുടെ ടെസ്റ്റിലെ മികച്ച റാങ്കിങ് 19 ആണ്.

ഇംഗ്ലണ്ടിനെതിരായ സീരീസിൽ മികച്ച പ്രകടനം പുറത്തെടുത്ത വാഷിങ്ടൺ സുന്ദറും റാങ്കിങ്ങിൽ 62 ൽ നിന്ന് 39 ലെത്തിയിട്ടുണ്ട്. 747 പോയിന്റുമായി രോഹിത് ശർമയും ഏഴാം റാങ്കിൽ പന്തിനൊപ്പമാണ്. അതേസമയം മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നാലാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ റാങ്കിങ് പോയിന്റ് 814 ആയി കുറഞ്ഞിട്ടുണ്ട്. 2017ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ പോയിന്റിലെത്തുന്നത്.