Skip to content

ഇടംകയ്യൻ വീരേന്ദർ സെവാഗ്, റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് . നാലാം മത്സരത്തിൽ സെഞ്ചുറി നേടിയ പന്തിന്റെ മികവിലാണ് ഇന്ത്യ പരമ്പര 3-1 ന് സ്വന്തമാക്കിയത്.

” റിഷാബ് പന്ത് തികച്ചും സമർത്ഥനാണ്. കുറെയേറെ നാളുകൾക്ക് ശേഷം സമ്മർദ്ദം ഒരു തരത്തിലും ബാധിക്കാത്ത താരത്തെ ഞാൻ കണ്ടു. 146 ന് 6 വിക്കറ്റ് നഷ്ട്ടപെട്ടിട്ടും അവൻ അവന്റെ ഇന്നിങ്‌സ് ആരംഭിച്ചതുനോക്കൂ. അത് മറ്റാർക്കും ചെയ്യാനാകില്ല. ” ഇൻസമാം പറഞ്ഞു.

” പിച്ചിന്റെ സ്വഭാവമോ എതിർ ടീം നേടിയ റൺസോ കണക്കിലെടുക്കാതെയാണ് അവൻ ബാറ്റ് വീശിയത്. സ്പിന്നർമാർക്കെതിരെയും ഫാസ്റ്റ് ബൗളർമാർക്കെതിരെയും അവൻ ഒരുപോലെ മികവ് പുലർത്തി. അവന്റെ ബാറ്റിങ് ഞാൻ നന്നായി ആസ്വദിച്ചു. വീരേന്ദർ സെവാഗ് ഇടം കയ്യനായി ബാറ്റ് ചെയ്യുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ” ഇൻസമാം ഉൾ ഹഖ് പറഞ്ഞു.

” ഞാൻ സെവാഗിനൊപ്പം കളിച്ചിട്ടുണ്ട്. അവൻ ഇതുപോലെയാണ്, മറ്റു ഘടകങ്ങൾ ഒന്നുംതന്നെ കണക്കിലെടുക്കില്ല. ബാറ്റ് ചെയ്യുമ്പോൾ പിച്ചിന്റെ എങ്ങനെ പെരുമാറുന്നുവോ എതിർ ടീമിൽ എത്രത്തോളം ശക്തരായ ബൗളർമാരുണ്ടോ അതൊന്നും തന്നെ അവൻ കണക്കിലെടുക്കില്ല. ഫീൽഡർമാർ ബൗണ്ടറിയിലാണെങ്കിൽ പോലും അവൻ അവന്റെ ഷോട്ടുകൾ കളിക്കുകതന്നെ ചെയ്യും. ” അദ്ദേഹം കൂട്ടിച്ചേർത്തു.

” ഇന്ത്യയിൽ മാത്രമല്ല ഓസ്‌ട്രേലിയയിലും ഇതേ ശൈലിയാണ് പന്ത് ബാറ്റ് ചെയ്‌തത്. അവന് സെഞ്ചുറികൾ നേടാൻ സാധിച്ചില്ല, കാരണം അവൻ അവന്റെ പേസിലാണ് കളിക്കുന്നത്. കുറെ കാലത്തിന് ശേഷമാണ് ഇത്തരത്തിലുള്ള താരത്തെ ഞാൻ കാണുന്നത്. ഇന്ത്യയ്ക്ക് സച്ചിയും ദ്രാവിഡും ഉണ്ടായിരുന്നു, ഇപ്പോൾ കോഹ്ലിയും രോഹിത് ശർമ്മയും. എന്നാൽ പന്തിന്റെ പ്രകടനവും അവന്റെ ആത്മവിശ്വാസവും എന്നെ അത്ഭുതപെടുത്തുന്നു. ” ഇൻസമാം ഉൾ ഹഖ് കൂട്ടിച്ചേർത്തു.

പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നും 54.00 ശരാശരിയിൽ 270 റൺസ് റിഷാബ് പന്ത്‌ നേടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും നാലാം മത്സരത്തിലെ റിഷാബ് പന്തിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചതും പരമ്പര 2-1 സ്വന്തമാക്കിയതും.