Skip to content

നാലാം ടെസ്റ്റിലും 5 വിക്കറ്റ് നേട്ടം, ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റും അശ്വിൻ നേടിയിരുന്നു. രണ്ടാം ഇന്നിങ്സിലെ 5 വിക്കറ്റ് നേട്ടത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അശ്വിൻ.

ടെസ്റ്റ് ക്രിക്കറ്റിലെ അശ്വിന്റെ 30 ആം 5 വിക്കറ്റ് നേട്ടമാണിത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളർമാരുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെ അശ്വിൻ പിന്നിലാക്കി.

കൂടാതെ നിലവിലെ കളിക്കാരിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ബൗളറെന്ന നേട്ടത്തിൽ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സനൊപ്പം അശ്വിനെത്തി.

ആൻഡേഴ്സൻ 160 മത്സരങ്ങളിൽ നിന്നും 30 തവണ 5 വിക്കറ്റ് നേട്ടം കൈവരിച്ചപ്പോൾ 78 മത്സരങ്ങളിൽ നിന്നാണ് രവിചന്ദ്രൻ അശ്വിൻ ആൻഡേഴ്സനൊപ്പമെത്തിയത്.

( Picture Source : Twitter )

35 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അനിൽ കുംബ്ലെ മാത്രമാണ് ഇന്ത്യൻ താരങ്ങളിൽ ഈ നേട്ടത്തിൽ അശ്വിന് മുൻപിലുള്ളത്. 67 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

( Picture Source : Twitter / bcci )

ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ബൗളർമാർ

  1. മുത്തയ്യ മുരളീധരൻ – 67
  2. ഷെയ്ൻ വോൺ – 37
  3. ഹാഡ്ലീ – 36
  4. അനിൽ കുംബ്ലെ – 35
  5. ഹെരാത്ത് – 34
  6. ജെയിംസ് ആൻഡേഴ്സൺ – 30
  7. രവിചന്ദ്രൻ അശ്വിൻ – 30
  8. ഗ്ലെൻ മഗ്രാത്ത് – 29

പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയതും രവിചന്ദ്രൻ അശ്വിനാണ്. നാല് മത്സരങ്ങളിൽ നിന്നും 32 വിക്കറ്റുകൾ അശ്വിൻ നേടി. 6 ഇന്നിങ്സിൽ 31.50 ശരാശരിയിൽ 189 റൺസ് നേടി പരമ്പരയിൽ ബാറ്റിങിലും അശ്വിൻ മികവ് പുറത്തെടുത്തിരുന്നു.

പരമ്പരയിലെ മൂന്നാം മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റും അശ്വിൻ പൂർത്തിയാക്കിയിരുന്നു. ടെസ്റ്റിൽ 400 വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബൗളറാണ് രവിചന്ദ്രൻ അശ്വിൻ.