Skip to content

ലോർഡ്സിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടും, ഓസ്‌ട്രേലിയ പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലേക്ക് വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ടീം ഇന്ത്യ. ജൂൺ 18 ന് ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. വിജയത്തോടെ ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കിയ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരത്തിൽ സമനില നേടിയാലും ഇന്ത്യയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കുമായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചെങ്കിൽ മാത്രമേ ഓസ്‌ട്രേലിയക്ക് ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കുമായിരുന്നുള്ളൂ.

പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര കോവിഡ് പ്രതിസന്ധികളെ തുടർന്ന് ഉപേക്ഷിച്ചതിനെ തുടർന്നാണ് ന്യൂസിലാൻഡ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

കോവിഡ് മൂലം ചാമ്പ്യൻഷിപ്പിലെ പരമ്പരകൾ ഉപേക്ഷിച്ചതിനെ തുടർന്നാണ് ടീമുകൾ നേടിയ പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യത നിർണയിക്കാൻ ഐസിസി തീരുമാനിച്ചത്.

ഇതിനെ തുടർന്ന് ഒരു ഘട്ടത്തിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തളളപെട്ടിരുന്നു. തുടർന്ന് ഓസ്‌ട്രേലിയക്കെതിരായ പരമ്പര 2-1 നും ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പര 3-1 നും സ്വന്തമാക്കിയുമാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയിരിക്കുന്നത്.

https://twitter.com/BCCI/status/1368149837850365953?s=19

നാലാം മത്സരത്തിൽ ഒരു ഇന്നിങ്സിനും 25 റൺസിനുമാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. മൂന്നാം ദിനം 160 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 135 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.

5 വിക്കറ്റുകൾ വീതം നേടിയ അക്ഷർ പട്ടേലും രവിചന്ദ്രൻ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്.

നേരത്തെ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെയും പുറത്താകാതെ 96 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിന്റെയും മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ 365 റൺസ് നേടി 160 റൺസിന്റെ ലീഡ് സ്വന്തമാക്കിയത്.

റിഷാബ് പന്താണ് മാൻ ഓഫ് ദി മാച്ച്. പരമ്പരയിൽ മികച്ച ഓൾ റൗണ്ടർ പ്രകടനം കാഴ്ച്ചവെച്ച രവിചന്ദ്രൻ അശ്വിനാണ് മാൻ ഓഫ് ദി സിരീസ്.