Skip to content

നാലാം ടെസ്റ്റിലും വമ്പൻ വിജയം, ടെസ്റ്റ് പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് വമ്പൻ വിജയം. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്സിനും 25 റൺസിനുമാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. വിജയത്തോടെ ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും യോഗ്യത നേടി.

മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 160 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 135 റൺസ് നേടാനെ സാധിച്ചുള്ളു.

5 വിക്കറ്റ് വീതം നേടിയ രവിചന്ദ്രൻ ആശ്വിനും അക്ഷർ പട്ടേലുമാണ് ഈ ഇംഗ്ലണ്ടിനെ ചുരുക്കികെട്ടിയത്.

50 റൺസ് നേടിയ ഡാനിയേൽ ലോറൻസും 30 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടുമാണ് ഇംഗ്ലണ്ട് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ യുവതാരങ്ങളായ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെയും 96 റൺസ് നേടി പുറത്താകാതെ നിന്ന വാഷിങ്ടൺ സുന്ദറിന്റെയും മികവിലാണ് ഇന്ത്യ 365 റൺസ് നേടുകയും 160 റൺസിന്റെ മികച്ച ലീഡ് സ്വന്തമാക്കുകയും ചെയ്തത്.

ഒരു ഘട്ടത്തിൽ 146 റൺസിന് 6 വിക്കറ്റ് നഷ്ട്ടപെട്ട ശേഷമാണ് ഇന്ത്യ മത്സരത്തിൽ ശക്തമായി തിരിച്ചെത്തിയത്. ഏഴാം വിക്കറ്റിൽ പന്തും സുന്ദറും 113 റൺസും എട്ടാം വിക്കറ്റിൽ സുന്ദറും അക്ഷർ പട്ടേലും 106 റൺസും കൂട്ടിചേർത്തിരുന്നു.

49 റൺസ് നേടിയ ഓപ്പണർ രോഹിത് ശർമ്മയും 43 റൺസ് നേടിയ അക്ഷർ പട്ടേലും ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റോക്സ് നാല് വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും ജാക്ക് ലീച്ച് 2 വിക്കറ്റും നേടി.

ആദ്യ മത്സരത്തിൽ 227 റൺസിന് പരാജയപെട്ട ശേഷമാണ് തുടർന്നുള്ള മൂന്ന് മത്സരങ്ങളിൽ തകർപ്പൻ വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ആദ്യ മത്സരത്തിൽ പരാജയപെട്ട ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കിയിരുന്നു.