Skip to content

വീണ്ടും പൂജ്യത്തിന് പുറത്ത്, നാണക്കേടിന്റെ റെക്കോർഡിൽ എം എസ് ധോണിയ്ക്കൊപ്പമെത്തി വിരാട് കോഹ്ലി

മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വീണ്ടും ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ റണ്ണൊന്നും നേടാനാകാതെയാണ് കോഹ്ലി പുറത്തായത്. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോർഡിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയ്ക്കൊപ്പം കോഹ്ലിയെത്തി.

ടെസ്റ്റ് കരിയറിൽ ഇത് പന്ത്രണ്ടാം തവണയും ക്യാപ്റ്റനായി എട്ടാം തവണയുമാണ് കോഹ്ലി പൂജ്യത്തിന് പുറത്താകുന്നത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡിൽ മഹേന്ദ്ര സിങ് ധോണിയ്ക്കൊപ്പം കോഹ്ലിയെത്തി.

ഇത് രണ്ടാം തവണയാണ് കോഹ്ലി ഒരു ടെസ്റ്റ് പരമ്പരയിൽ 2 തവണ പൂജ്യത്തിന് പുറത്താകുന്നത്. ഇതിനുമുൻപ് 2014 ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് കോഹ്ലി ഒന്നിൽ കൂടുതൽ തവണ പൂജ്യത്തിന് പുറത്തായത്.

8 പന്തുകൾ നേരിട്ട കോഹ്ലിയെ ബെൻ സ്റ്റോക്സാണ് പുറത്താക്കിയത്. ടെസ്റ്റിൽ ഇത് അഞ്ചാം തവണയാണ് കോഹ്ലിയെ ബെൻ സ്റ്റോക്സ് പുറത്താക്കുന്നത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ ബെൻ സ്റ്റോക്സ് പുറത്താക്കിയിട്ടുള്ള ബാറ്റ്‌സ്മാനും വിരാട് കോഹ്ലിയാണ്.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 146 റൺസിന് 6 വിക്കറ്റ് നഷ്ട്ടപെട്ട ഇന്ത്യയെ റിഷാബ് പന്ത് – വാഷിങ്ടൺ സുന്ദർ കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ 89 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ 7 വിക്കറ്റ് നഷ്ട്ടത്തിൽ 294 റൺസ് എന്ന നിലയിലാണ്.

113 റൺസ് ഏഴാം വിക്കറ്റിൽ റിഷാബ് പന്തും വാഷിങ്ടൺ സുന്ദറും കൂട്ടിച്ചേർത്തു. റിഷാബ് പന്ത് 118 പന്തിൽ 101 റൺസ് നേടി പുറത്തായപ്പോൾ വാഷിങ്ടൺ സുന്ദർ 117 പന്തിൽ 60 റൺസ് നേടി ക്രീസിലുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും ബെൻ സ്റ്റോക്സ്, ജാക്ക് ലീച്ച് എന്നിവർ 2 വിക്കറ്റും നേടി.