Skip to content

എം എസ് ധോണി മുതൽ റിക്കി പോണ്ടിങ് വരെ, നാലാം ടെസ്റ്റിൽ ഈ റെക്കോർഡുകൾ കോഹ്ലി സ്വന്തമാക്കിയേക്കാം

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് നിരവധി റെക്കോർഡുകൾ. പരമ്പര വിജയത്തിനൊപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ലക്ഷ്യം വെച്ച് ഇന്ത്യയിറങ്ങുമ്പോൾ ഈ റെക്കോർഡുകളും ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി സ്വന്തമാക്കിയേക്കാം.

2019 നവംബറിലാണ് അവസാനമായി വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടിയത്. ഈ മത്സരത്തിൽ സെഞ്ചുറി ശാപം അവസാനിപ്പിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കാം.

നിലവിൽ ഈ റെക്കോർഡിൽ 41 സെഞ്ചുറിയോടെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പമാണ് വിരാട് കോഹ്ലി. സെഞ്ചുറി നേടാനായാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടത്തിലും പോണ്ടിങിനൊപ്പമെത്താൻ കോഹ്ലിയ്ക്ക് സാധിക്കും.

മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ എം എസ് ധോണിയ്ക്കൊപ്പമെത്താൻ കോഹ്ലിയ്ക്ക് സാധിക്കും.

ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റന്മാർ

  1. എം എസ് ധോണി – 60
  2. വിരാട് കോഹ്ലി – 59
  3. സൗരവ് ഗാംഗുലി – 49
  4. മൊഹമ്മദ് അസറുദ്ദീൻ – 47
  5. സുനിൽ ഗാവസ്‌കർ – 47

17 റൺസ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി 12,000 റൺസ് പൂർത്തിയാക്കാൻ കോഹ്ലിയ്ക്ക് സാധിക്കും. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ( 15,440 റൺസ് ), മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് ( 14,878 റൺസ് ) എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റന്മാരായി 12,000 റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാന്മാർ.

കൂടാതെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന നാലാമത്തെ ക്യാപ്റ്റനെന്ന നേട്ടത്തിൽ മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡിനൊപ്പമെത്താൻ കോഹ്ലിയ്ക്ക് സാധിക്കും.

ഇതുവരെ 59 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള കോഹ്ലി 35 ലും ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. കോഹ്ലിയുടെ കീഴിൽ 14 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ പരാജയപെട്ടിട്ടുള്ളത്.