Skip to content

നാലാം ടെസ്റ്റിൽ കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, എം എസ് ധോണിയ്ക്കൊപ്പമെത്താം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്. മത്സരത്തിൽ സമനില പിടിക്കുകയോ വിജയിക്കുകയോ ചെയ്താൽ പരമ്പര വിജയിക്കുന്നതിനൊപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനും ഇന്ത്യയ്ക്ക് സാധിക്കും.

മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിക്കുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ എം എസ് ധോണിയ്ക്കൊപ്പം വിരാട് കോഹ്ലിയ്ക്കെത്താം. 6 വർഷത്തോളം ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന എം എസ് ധോണി 60 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്.

2014/15 ൽ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് ധോണി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും കോഹ്ലി ഇന്ത്യൻ ക്യാപ്റ്റനാവുകയും ചെയ്തത്.

നയിച്ച 59 മത്സരങ്ങളിൽ 35 ലും ഇന്ത്യയെ വിജയത്തിച്ച കോഹ്ലി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയാണ്. കോഹ്ലിയുടെ കീഴിൽ 14 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ പരാജയപെട്ടിട്ടുള്ളത്. 10 മത്സരങ്ങളാകട്ടെ സമനിലയിൽ കലാശിച്ചു.

മറുഭാഗത്ത് 60 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ധോണി 27 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചു. 14 മത്സരങ്ങളിൽ ടീം പരാജയപെട്ടപ്പോൾ 15 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റന്മാർ

  1. എം എസ് ധോണി – 60
  2. വിരാട് കോഹ്ലി – 59*
  3. സൗരവ് ഗാംഗുലി – 49
  4. മൊഹമ്മദ് അസറുദീൻ – 47
  5. സുനിൽ ഗാവസ്‌കർ – 47

നേരത്തെ പരമ്പരയിലെ കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ഹോമിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയത്തിലെത്തിക്കുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ എം എസ് ധോണിയെ കോഹ്ലി പിന്നിലാക്കിയിരുന്നു.