Skip to content

ഐസിസി ടെസ്റ്റ് റാങ്കിങിൽ രോഹിത് ശർമ്മയ്ക്ക് തകർപ്പൻ നേട്ടം, പുജാരയെ പിന്നിലാക്കി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വ്വമ്പൻ നേട്ടവുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. മറ്റു ബാറ്റ്‌സ്മാന്മാർ രണ്ടക്കം കാണാൻ ബുദ്ധിമുട്ടിയ മത്സരത്തിൽ ആദ്യം ഇന്നിങ്സിൽ ഫിഫ്റ്റിയും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 25 റൺസും രോഹിത് ശർമ്മ നേടിയിരുന്നു.

മത്സരത്തിലെ ഈ പ്രകടനത്തോടെ റാങ്കിങിൽ 6 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രോഹിത് ശർമ്മ എട്ടാം സ്ഥാനത്തെത്തി. രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് കൂടിയാണിത്. പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ചേതേശ്വർ പുജാരയെയും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിനെയും ഹിറ്റ്മാൻ പുറകിലാക്കി.

റാങ്കിങിൽ ആദ്യ ഏഴിൽ മാറ്റങ്ങളൊന്നുമില്ല, ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരായ സ്റ്റീവ് സ്മിത്തും മാർനസ് ലാബുഷെയ്നുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് പുറകിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഹെൻറി നിക്കോൾസ് എന്നിവരാണ് കോഹ്‌ലിക്ക് പുറകിലുള്ളത്.

പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ബൗളിങ് റാങ്കിങിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്, ന്യൂസിലാൻഡ് ബൗളർ നെയിൽ വാഗ്നർ എന്നിവരാണ് അശ്വിന് മുൻപിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

മത്സരത്തിൽ തിളങ്ങാൻ സാധിക്കാതിരുന്ന ഇംഗ്ലണ്ട് ബൗളർ ജെയിംസ് ആൻഡേഴ്സൺ ആറാം സ്ഥാനത്തേക്കും സ്റ്റുവർട്ട് ബ്രോഡ് ഏഴാം സ്ഥാനത്തേക്കും പിന്തളളപെട്ടു.

ഐസിസി ബാറ്റിങ് റാങ്കിങ്

( Source : ICC App )

ഐസിസി ബൗളിങ് റാങ്കിങ്

https://twitter.com/ICC/status/1365937748905926657