Skip to content

പിച്ചിനെ കുറ്റം പറയാതെ കോഹ്ലിയെ കണ്ടുപഠിക്കൂ ; ഇംഗ്ലണ്ടിന് ഉപദേശവുമായി ഗ്രെയിം സ്വാൻ

ഇന്ത്യയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ കനത്ത പരാജയത്തിന് പുറകെ ഇംഗ്ലണ്ട് താരങ്ങൾക്ക് ഉപദേശവുമായി മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ. മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. പരാജയത്തിന് പുറകെ അഹമ്മദാബാദ് പിച്ചിനെ വിമർശിച്ചവർക്കെതിരെയും സ്വാൻ ആഞ്ഞടിച്ചു.

പരാജയത്തിന് ശേഷം പിച്ചിനെ കുറ്റപെടുത്തുന്നതിന് പകരം പരാജയത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇംഗ്ലണ്ട് ചർച്ചചെയ്യുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പിച്ചിനെ കുറ്റപെടുത്തുന്നത് വിഢിത്തമാണെന്നും സ്വാൻ പറഞ്ഞു.

” ഇംഗ്ലണ്ട് ഡ്രസിങ് റൂമിൽ വളരെ സത്യസന്ധമായ ചർച്ചകൾ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിൽ ഒരുപാട് ആളുകൾ തോൽവിയ്ക്ക് ശേഷം പിച്ചിനെ പഴിക്കുന്നുണ്ട്. എന്നാൽ ഇരുടീമുകളും കളിച്ചത് ഒരേ പിച്ചിലാണെന്ന് അക്കൂട്ടർ മനസ്സിലാക്കണം. ” സ്വാൻ പറഞ്ഞു.

” അടുത്ത മത്സരത്തിലും ഇത്തരത്തിലുള്ള പിച്ച് തന്നെയാണ് ലഭിക്കുക. അവിടെ ഒന്നിൽ കൂടുതൽ വഴികളില്ല. കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ അവർ ഇനിയും ആവർത്തിക്കരുത്. പിച്ച് ടേൺ ചെയ്യുന്നുവെന്ന ആരോപണം വീണ്ടും ഉന്നയിക്കാൻ അവർക്ക് സാധിക്കില്ല. കാരണം അത് ശുദ്ധ അസംബന്ധമാണ്. ” സ്വാൻ കൂട്ടിച്ചേർത്തു.

” ഇന്ത്യ ഇംഗ്ലണ്ടിലെത്തുമ്പോൾ അവർ ഗ്രീൻ സീമിങ് പിച്ചിലാണ് കളിക്കുന്നത്. ഇത് അതിൽ പരാതി ഉന്നയിച്ചിട്ടില്ല, അവർ എപ്പോഴും മെച്ചപ്പെടുവാനാണ് ശ്രമിക്കുന്നത്. കഠിന പ്രയത്നത്തിലൂടെയാണ് പേസ് പിച്ചിൽ ജെയിംസ് ആൻഡേഴ്‌സണെ നേരിടാൻ വിരാട് കോഹ്ലി പഠിച്ചത്. കോഹ്ലി ചെയ്തതുപോലെ അശ്വിനെയും ഒപ്പം അക്ഷർ പട്ടേലിനെയും നേരിടാൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ പഠിക്കണം. ” ഗ്രെയിം സ്വാൻ കൂട്ടിച്ചേർത്തു.

മാർച്ച് നാല് മുതൽ അഹമ്മദാബാദിൽ തന്നെയാണ് പരമ്പരയിലെ അവസാനത്തെയും നാലാമത്തെയും ടെസ്റ്റ് ആരംഭിക്കുന്നത്. മൂന്നാം മത്സരത്തിലെ തോൽവിയോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായ ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കാനുള്ള ലക്ഷ്യത്തോടെയാകും ഇന്ത്യയെ നേരിടാനിറങ്ങുക. മറുഭാഗത്ത് ഇന്ത്യയ്ക്കാകട്ടെ മത്സരത്തിൽ പരാജയപെടാതിരുന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാം.