Skip to content

ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ, ക്യാപ്റ്റൻസിയിലും രാജാവായി കോഹ്ലി

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയത്തോടെ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുൻപിലെത്തുകയും ചെയ്തു.

ഇന്ത്യൻ മണ്ണിൽ കോഹ്ലിയുടെ കീഴിൽ ഇന്ത്യ നേടുന്ന 22 ആം ടെസ്റ്റ് വിജയമാണിത്. ഇതോടെ ഹോമിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന ചരിത്രനേട്ടം കോഹ്ലി സ്വന്തമാക്കി.

നേരത്തെ ചെന്നൈ ടെസ്റ്റിലെ വിജയത്തോടെ ഈ നേട്ടത്തിൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയ്ക്കൊപ്പം കോഹ്ലി എത്തിയിരുന്നു. 30 മത്സരങ്ങളിൽ നിന്നാണ് ധോണി ഇന്ത്യയിൽ 21 വിജയം നേടിയത്. കോഹ്ലിയാകട്ടെ 29 മത്സരങ്ങൾ കൊണ്ടാണ് ധോണിയുടെ ഈ റെക്കോർഡ് തകർത്തത്.

മത്സരത്തിലെ വിജയത്തോടെ ഹോമിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയ്ക്കൊപ്പവും കോഹ്ലിയെത്തി.

ഹോമിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരം വിജയിച്ച ക്യാപ്റ്റന്മാർ

  1. ഗ്രെയിം സ്മിത്ത് – 30
  2. റിക്കി പോണ്ടിങ് – 29
  3. വിരാട് കോഹ്ലി – 22 *
  4. സ്റ്റീവ് വോ – 22
  5. എം എസ് ധോണി – 21

ഹോം ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ഇന്ത്യൻ ക്യാപ്റ്റന്മാർ

  1. വിരാട് കോഹ്ലി – 22 *
  2. എം എസ് ധോണി – 21
  3. മൊഹമ്മദ് അസറുദീൻ – 13
  4. സൗരവ് ഗാംഗുലി – 10
  5. സുനിൽ ഗാവസ്‌കർ – 7

ബാറ്റ്‌സ്മാന്മാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. രണ്ട് ഇന്നിങ്സുകളിൽ നിന്നും 11 വിക്കറ്റുകൾ നേടിയ അക്ഷർ പട്ടേലും 7 വിക്കറ്റുകൾ നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.