Skip to content

ലോർഡ്സിലെ പോരാട്ടത്തിന് ഇംഗ്ലണ്ട് ഉണ്ടാകില്ല, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്ത്, ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ പരാജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇംഗ്ലണ്ട് പുറത്ത്. അഹമ്മദാബാദിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുൻപിലെത്തുകയും ചെയ്തു.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കിയിരുന്നെങ്കിൽ മാത്രമേ സ്വന്തം നാട്ടിൽ നടക്കുന്ന ഫൈനലിൽ യോഗ്യത നേടാൻ ഇംഗ്ലണ്ടിന് സാധിക്കുമായിരുന്നു. എന്നാൽ ആദ്യ മത്സരത്തിലെ മികവ് രണ്ടാം മത്സരത്തിലെന്ന പോലെ മൂന്നാം മത്സരത്തിലും പുറത്തെടുക്കാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല.

ആദ്യ ഇന്നിങ്സിൽ 112 റൺസിന് പുറത്തായ ശേഷം മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയെ 145 റൺസിൽ ചുരുക്കികെട്ടിയെങ്കിലും രണ്ടാം ഇന്നിങ്സിൽ 81 റൺസ് നേടാൻ മാത്രമാണ് ഇംഗ്ലണ്ടിന് സാധിച്ചത്. ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ ഇന്നിങ്സ് ടോട്ടൽ കൂടിയാണിത്.

പരാജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് പിന്തളളപെട്ടപ്പോൾ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

പരമ്പരയിലെ നാലാം മത്സരത്തിൽ വിജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ ലോർഡ്സിൽ നടക്കുന്ന ഫൈനലിലേക്ക് ഇന്ത്യയ്ക്ക് യോഗ്യത നേടാൻ സാധിക്കും. മത്സരത്തിൽ പരാജയപെട്ടാൽ ഓസ്‌ട്രേലിയയായിരിക്കും ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടുക.

ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റും നേടിയ അക്ഷർ പട്ടേലാണ് മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്തത്. 2 ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിൻ അക്ഷർ പട്ടേലിന് മികച്ച പിന്തുണ നൽകി.

മാർച്ച് നാല് മുതൽ ഇതേ വേദിയിൽ തന്നെയാണ് പരമ്പരയിലെ നാലാം മത്സരം ആരംഭിക്കുന്നത്. മാർച്ച് 12 നാണ് പര്യടനത്തിലെ ലിമിറ്റഡ് ഓവർ പരമ്പര ആരംഭിക്കുന്നത്.