Skip to content

നൂറാം ടെസ്റ്റോടെ അപൂർവ്വങ്ങളിൽ അപൂർവ്വനേട്ടം സ്വന്തമാക്കി ഇഷാന്ത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ. കപിൽ ദേവിന് ശേഷം ടെസ്റ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ഇഷാന്ത് ശർമ്മ. ഇതുകൂടാതെ ഒരു അപൂർവ്വനേട്ടവും തന്റെ നൂറാം ടെസ്റ്റോടെ ഇഷാന്ത് ശർമ്മ സ്വന്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചുവെങ്കിലും ഏകദിന ലോകകപ്പിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ഇഷാന്ത് ശർമ്മ കളിച്ചിട്ടില്ല. ഇതോടെ ഏകദിന ലോകകപ്പിൽ കളിക്കാതെ ടെസ്റ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന അഞ്ചാമത്തെ മാത്രം താരമായി ഇഷാന്ത് ശർമ്മ മാറി.

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റയർ കുക്ക്, മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ, മുൻ ഇംഗ്ലണ്ട് താരം കോളിൻ കോഡ്രെ, മുൻ ഓസ്‌ട്രേലിയൻ താരം ജസ്റ്റിൻ ലാങർ എന്നിവരാണ് ഇതിനുമുൻപ് ഏകദിന ലോകകപ്പിൽ കളിക്കാതെ രാജ്യത്തിന് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങൾ.

ടെസ്റ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരവും നാലാമത്തെ ഇന്ത്യൻ ബൗളറുമാണ് ഇഷാന്ത് ശർമ്മ. കപിൽ ദേവ്, ചാമിന്ദ വാസ്, വസിം അക്രം എന്നിവർക്ക് ശേഷം 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയ ഏഷ്യൻ പേസറെന്ന റെക്കോർഡും ഇഷാന്ത് ശർമ്മ സ്വന്തമാക്കി.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങൾ

  1. സച്ചിൻ ടെണ്ടുൽക്കർ – 200
  2. രാഹുൽ ദ്രാവിഡ് – 163
  3. വി വി എസ് ലക്ഷ്മൺ – 134
  4. അനിൽ കുംബ്ലെ – 132
  5. കപിൽ ദേവ് – 131
  6. സുനിൽ ഗാവസ്‌കർ – 125
  7. വെങ്സർക്കാർ – 116
  8. സൗരവ് ഗാംഗുലി – 113
  9. ഹർഭജൻ സിങ് – 103
  10. വീരേന്ദർ സെവാഗ് – 103
  11. ഇഷാന്ത് ശർമ്മ – 100 *