Skip to content

ഇന്ത്യ ജയിച്ചാൽ ധോണിയുടെ റെക്കോർഡ് തെറിക്കും, തകർപ്പൻ നേട്ടത്തിനരികെ വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. മത്സരത്തിൽ വിജയിക്കാനായാൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡ് പഴങ്കഥയാക്കാൻ കോഹ്ലിയ്ക്ക് സാധിക്കും.

ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടിയ ക്യാപ്റ്റനെന്ന നേട്ടത്തിൽ നിലവിൽ എം എസ് ധോണിയ്ക്കൊപ്പമാണ് വിരാട് കോഹ്ലി. ഈ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ഹോമിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടിയ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് കോഹ്ലിയ്ക്ക് സ്വന്തമാക്കാം.

ഇന്ത്യയിൽ നടന്ന 21 ടെസ്റ്റ് മത്സരങ്ങളിൽ ധോണിയും കോഹ്ലിയും ഇന്ത്യയെ വിജയത്തിലെത്തിച്ചിട്ടുണ്ട്. ധോണി 30 മത്സരങ്ങളിൽ നിന്നാണ് 21 ലും ഇന്ത്യയെ വിജയത്തിച്ചത്. എന്നാൽ ധോണിയ്ക്കൊപ്പമെത്താൻ 28 മത്സരങ്ങൾ മാത്രമാണ് കോഹ്‌ലിക്ക് വേണ്ടിവന്നത്.

കൂടാതെ മത്സരത്തിൽ സെഞ്ചുറി നേടാനായാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കാം.

നിലവിൽ 41 സെഞ്ചുറി നേടി ഈ റെക്കോർഡിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പമാണ് കോഹ്ലിയുള്ളത്.

ഒരു സെഞ്ചുറി കൂടെ നേടാനായാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ റിക്കി പോണ്ടിങിനൊപ്പമെത്താൻ കോഹ്ലിക്ക് സാധിക്കും.

425 മത്സരങ്ങളിൽ നിന്നും 70 സെഞ്ചുറി നേടി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് കോഹ്ലി. 560 മത്സരങ്ങളിൽ നിന്നും 71 സെഞ്ചുറി നേടിയ റിക്കി പോണ്ടിങ്, 664 മത്സരങ്ങളിൽ നിന്നും 100 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കർ എന്നിവരാണ് കോഹ്ലിയ്ക്ക് മുൻപിലുള്ളത്.

അവസാനമായി 15 മാസങ്ങൾക്ക് മുൻപ് ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലാണ് കോഹ്ലി സെഞ്ചുറി നേടിയത്. പിന്നീട് മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ചുവെങ്കിലും മൂന്നക്കം പിന്നിടാൻ കോഹ്‌ലിക്ക് സാധിച്ചിരുന്നില്ല. ഇക്കുറി കോഹ്ലി തകർപ്പൻ സെഞ്ചുറി നേടി റെക്കോർഡുകൾ തകർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.