Skip to content

ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി രോഹിത് ശർമ്മ

ഇന്ത്യയിലെ പിച്ചുകളെ മോശമെന്ന് വിലയിരുത്തി വിമർശിക്കുന്നവർക്ക് മറുപടിയുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. എല്ലാ ടീമിനും സ്വന്തം നാട്ടിലെ ആനുകൂല്യം ഉപയോഗപെടുത്താനുള്ള അവകാശമുണ്ടെന്നും ഇന്ത്യയിലെ പിച്ചുകളിൽ മാത്രം പരാതി ഉന്നയിക്കുന്നത് മനസ്സിലാകുന്നില്ലയെന്നും മൂന്നാം ടെസ്റ്റിന് മുൻപായി രോഹിത് ശർമ്മ പറഞ്ഞു.

” ഇക്കാര്യം എന്തിനാണ് ഇത്രയധികം ചർച്ച ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല, ആളുകൾ ഇതിനെകുറിച്ച് കുറെയധികം സംസാരിക്കുന്നു, എന്നാൽ ഇന്ത്യയിലെ പിച്ചുകൾ കാലങ്ങളായി ഇങ്ങനെയാണ്. അതിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവരും ഹോമിലെ ആനുകൂല്യം ഉപയോഗപെടുത്തുന്നു. ഞങ്ങൾ പുറത്തുപോകുമ്പോൾ ഞങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല, പിന്നെന്തിനാണ് ഞങ്ങൾ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നത്. ” രോഹിത് ശർമ്മ പറഞ്ഞു.

” ഞങ്ങളുടെ ടീമിനാണ് മുൻഗണന നൽകേണ്ടത്, അതാണ് ഹോമിലെ ആനുകൂല്യം. അതിലെല്ലാം മാറ്റം വരണമെങ്കിൽ ഐസിസി പിച്ചുകൾക്കായി എല്ലായിടത്തും ഒരു ഏകീകൃത നിയമം കൊണ്ടുവരണം. ഞങ്ങൾ പുറത്തുപോകുമ്പോഴും കാര്യങ്ങൾ ദുഷ്കരം തന്നെയാണ്. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

” പിച്ചുകളെ കുറിച്ച് തർക്കിക്കേണ്ടതില്ലയെന്നാണ് എന്റെ അഭിപ്രായം. കളിക്കാരെ കുറിച്ചോ അവരുടെ ബാറ്റിങിനെയോ ബൗളിങിനെയോ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. എന്നാൽ പിച്ചുകളുടെ കാര്യത്തിൽ അതുവേണ്ട. കാരണം രണ്ട് ടീമും കളിക്കുന്നത് ഒരേ പിച്ചിൽ തന്നെയാണ്. ആരാണോ കൂടുതൽ നന്നായി കളിക്കുന്നത്, അവർ മത്സരത്തിൽ വിജയിക്കും “. രോഹിത് ശർമ്മ പറഞ്ഞു.

പുതുതായി പുതുക്കി പണിത ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. ഇന്ത്യയുടെ മൂന്നാം പിങ്ക് ബോൾ ടെസ്റ്റ് കൂടിയാണിത്.