Skip to content

ഐ പി എൽ ടെസ്റ്റിലെ പ്രകടനത്തെ ബാധിക്കുമോ ? ചേതേശ്വർ പുജാര പറയുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിനെ ബാധിക്കുകയില്ലെന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാര. തന്റെ മനസ്സ് ടെസ്റ്റ് പരമ്പരയിൽ തന്നെയാണെന്നും ഐ പി എല്ലിന് ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിനാവശ്യമായ സമയമുണ്ടെന്നും പുജാര പറഞ്ഞു.

പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ചേതേശ്വർ പുജാരയെ സ്വന്തമാക്കിയത്.

ഏപ്രിൽ മേയ് മാസങ്ങളിലായിട്ടാണ് ഇക്കുറി ഐ പി എൽ നടക്കുന്നത്. 2014 ന് ശേഷം ഇതാദ്യമായാണ് ചേതേശ്വർ പുജാര ഐ പി എല്ലിൽ കളിക്കാനൊരുങ്ങുന്നത്.

https://twitter.com/ChennaiIPL/status/1362596427327631360?s=19

” ഐ പി എല്ലിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ടൂർണമെന്റിൽ തിരികെയെത്താൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു, ഐ പി എൽ അവസാനിച്ചാലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാൻ എനിക്ക് സമയമുണ്ട്. ” പുജാര പറഞ്ഞു.

” ഇംഗ്ലണ്ടിൽ അതിനുമുൻപേ തന്നെ കുറച്ച് കൗണ്ടി മത്സരങ്ങളും കളിക്കാൻ അവസരമുണ്ട്, എന്നാൽ അക്കാര്യത്തിൽ ഐ പി എല്ലിന് ശേഷമോ അല്ലെങ്കിൽ ഐ പി എല്ലിനിടയിലോ ആയിരിക്കും ഞാൻ തീരുമാനമെടുക്കുക. ” ചേതേശ്വർ പുജാര കൂട്ടിച്ചേർത്തു.

” ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ കൗണ്ടി മത്സരങ്ങളും പരിശീലന മത്സരങ്ങളും കളിക്കാൻ അവസരമുണ്ട്. എല്ലായ്പ്പോഴും ഷോർട്ടർ ഫോർമാറ്റിൽ കളിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഒരുപാട് മികച്ച കളിക്കാരെ ഐ പി എൽ സമ്മാനിച്ചു. ഐ പി എൽ മൂലം മികച്ച യുവതാരങ്ങളെ ഇന്ത്യയ്ക്ക് ലഭിച്ചു. അവരുടെ പ്രകടനം ഇപ്പോൾ ഇന്ത്യൻ ടീമിനെ വളരെയധികം സഹായിക്കുന്നു.” പുജാര കൂട്ടിച്ചേർത്തു.

” എന്റെ മനസ്സ് ടെസ്റ്റിൽ തന്നെയാണ്, ഐ പി എല്ലിന് ശേഷം ഞാൻ കൗണ്ടിയെ കുറിച്ച് ആലോചിക്കും. അതിനുശേഷം ഇംഗ്ലണ്ടിനെതിരായ വലിയ പരമ്പര വരാനിരിക്കുന്നു. അതിനിടയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുമുണ്ട്. ഐ പി എല്ലിന് ശേഷം ഒരുപാട് ക്രിക്കറ്റ് മത്സരങ്ങളുണ്ട്. ഇപ്പോൾ ഞാൻ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കാണ് ശ്രദ്ധ കൊടുക്കുന്നത്. ” പുജാര പറഞ്ഞു.