Skip to content

അർജുൻ ടെണ്ടുൽക്കറെ വാങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ

ഐ പി എൽ പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ വാങ്ങിയത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അർഹരായ യുവതാരങ്ങളെ തഴഞ്ഞാണ് മുംബൈ അർജുൻ ടെണ്ടുൽക്കറെ ടീമിൽ എത്തിച്ചതെന്നും ഇത് നെപോറ്റിസമാണെന്നും ആരാധകർ വിമർശിച്ചു. ഇപ്പോൾ ലേലത്തിൽ അർജുൻ ടെണ്ടുൽക്കറെ സ്വന്തമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ഹെഡ് കോച്ച് മഹേള ജയവർധനെ.

സച്ചിന്റെ മകനായതുകൊണ്ടല്ല അർജുനെ വാങ്ങിയതെന്നും പൂർണ്ണമായും കഴിവിന്റെ അടിസ്ഥാനത്തിലാണ് അർജുനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതെന്നും ജയവർധനെ പറഞ്ഞു.

” പൂർണ്ണമായും കഴിവിന്റെ അടിസ്ഥാനത്തിൽ അവനെ ടീമിലെടുത്തത്. സച്ചിൻ കാരണം അവനിൽ വലിയ ശ്രദ്ധയുണ്ടാകുമെന്നത് ശരിയാണ്, എന്നാൽ ഭാഗ്യവശാൽ അവനൊരു ബാറ്റ്സ്മാനല്ല, ബൗളറാണ്. അതുകൊണ്ട് തന്നെ അർജുനെ പോലെ ബൗൾ ചെയ്യാൻ കഴിയുമെങ്കിൽ സച്ചിന് വളരെ അഭിമാനിക്കാൻ സാധിക്കും ” ജയവർധനെ പറഞ്ഞു.

” ഇത് അർജുനെ സംബന്ധിച്ച് ഇതൊരു പഠനപ്രക്രിയയാണ്. അവൻ ഈയടുത്താണ് മുംബൈയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങിയത്. ഇപ്പോൾ അവൻ ഐ പി എല്ലിൽ ഫ്രാഞ്ചൈസിയുടെ ഭാഗമായി. അവൻ ഇനിയുമേറെ പടിക്കാനുണ്ട്, അവൻ വളരും. അവൻ ഇപ്പോഴും യുവതാരമാണ്. കൃത്യമായ ലക്ഷ്യങ്ങളുള്ള യുവതാരം. അവന് നമ്മൾ അനുവദിക്കേണ്ടതുണ്ട്, എന്നാൽ അവനുമേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുത്. അവൻ സ്വയം വളരട്ടെ, അതിന് വേണ്ട സഹായം മാത്രമാണ് ഞങ്ങൾ ചെയ്യേണ്ടത്. ” ജയവർധനെ കൂട്ടിച്ചേർത്തു.

ടീമിലേക്ക് പുതുതായി എത്തുന്ന യുവതാരം മാത്രമാണ് അർജുൻ ടെണ്ടുൽക്കറെന്നും ടീമിൽ തുടരാൻ അർഹനാണെന്ന് അർജുൻ ടെണ്ടുൽക്കർ തെളിയിക്കേണ്ടതുണ്ടെന്നും മുംബൈ ഇന്ത്യൻസ് ടീം ഡയറക്ടർ സഹീർ ഖാൻ പറഞ്ഞു.

എല്ലാ സീസണിലും യുവതാരങ്ങളെ മുംബൈ ഇന്ത്യൻസ് പിന്തുണച്ചിട്ടുണ്ടെന്നും ഓരോ സീസണിലും യുവതാരങ്ങളെ കണ്ടെത്തി അവസരം നൽകാനാണ് മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നതെന്നും ഈ ലേലത്തിലും അതിൽ മാറ്റമുണ്ടായിട്ടില്ലയെന്നും സഹീർ പറഞ്ഞു.