Skip to content

യുവിയെ പിന്നിലാക്കി, ഇനി ഐ പി എൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം ക്രിസ് മോറിസ്

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ്. 16.25 കോടി രൂപയ്ക്കാണ് പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ രാജസ്ഥാൻ റോയൽസ് മോറിസിനെ സ്വന്തമാക്കിയത്. 2015 ൽ 16 കോടി ലഭിച്ച മുൻ ഇന്ത്യൻ താരം യുവരാജ് സിങിന്റെ റെക്കോർഡാണ് മോറിസ് മറികടന്നത്.

കഴിഞ്ഞ 10 കോടിയ്ക്ക് ക്രിസ് മോറിസിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയിരുന്നു. 9 മത്സരങ്ങളിൽ നിന്നും 11 വിക്കറ്റുകൾ നേടി മികച്ച പ്രകടനം മോറിസ് കാഴ്ച്ചവെച്ചിരുന്നുവെങ്കിലും മോറിസിനെ നിലനിർത്താൻ ബാംഗ്ലൂർ തയ്യാറായില്ല.

ഐ പി എല്ലിൽ 70 മത്സരങ്ങളിൽ നിന്നും 157.88 സ്‌ട്രൈക്ക് റേറ്റിൽ 551 റൺസ് നേടിയിട്ടുള്ള മോറിസ് 80 വിക്കറ്റും നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലാണ് ലേലത്തിൽ വൻതുക ലഭിച്ച മറ്റൊരു താരം 14.25 കോടിയ്ക്കാണ് മാക്‌സ്‌വെല്ലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയത്.

ന്യൂസിലാൻഡ് താരം കെയ്ൽ ജാമിൻസണെ 15 കോടിയ്ക്കാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയൻ യുവതാരം ജൈ റിച്ചാർഡ്‌സണെ 14 കോടിയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വാന്തമാക്കി.

കൃഷ്ണപ്പ ഗൗതമാണ് ലേലത്തിൽ ഏറ്റവും കൂടുതൽ വിലകൂടിയ ഇന്ത്യൻ താരം. 9.25 കോടിയ്ക്ക് ചെന്നൈ സൂപ്പർ കിങ്സാണ് കൃഷ്ണപ്പ ഗൗതമിനെ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെ 2.2 കോടിയ്ക്ക് ഡൽഹി ക്യാപിറ്റൽസും ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസനെ 3.2 കോടിയ്ക്ക് കൊൽക്കത്തയും ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയെ 7 കോടിയ്ക്ക് ചെന്നൈ സൂപ്പർ കിങ്സും സ്വന്തമാക്കി.

ഇന്ത്യൻ ഓൾ റൗണ്ടർ ശിവം ദുബെയെ 4.4 കോടിയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാനെ കിങ്‌സ് ഇലവൻ പഞ്ചാബ് 1.5 കോടിയ്ക്കും സാം ബില്ലിങ്സിനെ ഡൽഹിയും കേദാർ ജാദവിനെ സൺറൈസേഴ്‌സും, ഹർഭജൻ സിങിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി.