Skip to content

ആദ്യ സെഷനിൽ തന്നെ അവൻ ഇംഗ്ലണ്ടിന്റെ കഥകഴിച്ചു, രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ്മയുടെ പ്രകടനം തുടക്കത്തിൽ തന്നെ മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയെന്നും മികച്ച ബാറ്റിങ് പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചതെന്നും ഗംഭീർ പറഞ്ഞു.

” ആദ്യ സെഷനിൽ തന്നെ അവൻ ഇംഗ്ലണ്ടിനെ തകർത്തുകളഞ്ഞു. ഏതൊരു ബാറ്റ്‌സ്മാനോടും ചോദിച്ചാലും ഈ വിക്കറ്റിൽ ആദ്യ സെഷനിൽ ബാറ്റ് ചെയ്യുന്നതാണ് എളുപ്പമെന്നായിരിക്കും മറുപടി. ആ ആനുകൂല്യം അവൻ പൂർണ്ണമായും ഉപയോഗപ്പെടുത്തി. ഇന്ത്യ 110/3 ൽ നിൽക്കെ അതിൽ 80 റൺസും നേടിയത് അവനായിരുന്നു. ” ഗൗതം ഗംഭീർ പറഞ്ഞു.

” എന്നാൽ ബോൾ ഗ്രിപ്പ് ചെയ്യുവാൻ തുടങ്ങിയപ്പോൾ അവൻ സമയമെടുത്താണ് പിന്നീട് ബാറ്റ് വീശിയത്. എന്നാൽ അതിനുമുൻപേ തന്നെ അവൻ ഇംഗ്ലണ്ടിനെ പിന്നിലാക്കിയിരുന്നു. ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ അതിനിടെ നഷ്ട്ടപെട്ടിരുന്നു, അപ്പോൾ 60-70 റൺസാണ് നേടയിരുന്നതെങ്കിൽ ആ സെഷൻ ഇംഗ്ലണ്ടിന് ലഭിച്ചേനെ, എന്നാൽ ആ സെഷനിൽ 110 റൺസ് നേടിയതിനാൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ ബഹുദൂരം പിന്നിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

” ഏറ്റവും മികച്ച കാര്യമെന്തെന്നാൽ ഫാസ്റ്റ് ബൗളർമാരെ നേരിടവെ ടൈം ചെയ്യുവാനാണ് അവൻ ശ്രമിച്ചത്. സ്പിന്നർമാരെ നേരിടവെ അവൻ സ്വീപ് നന്നായി ഉപയോഗപ്പെടുത്തി. ” ഗംഭീർ പ്രശംസിച്ചു.

” മൊയിൻ അലിയ്ക്കെതിരെ അവൻ സ്റ്റെപൗട്ട് ചെയ്ത് സിക്സ് നേടിയതൊഴിച്ചാൽ മികച്ച നിയന്ത്രണത്തിലാണ് അവൻ ബാറ്റ് ചെയ്‍തത്. അവനൊരു ഗെയിം പ്ലാൻ ഉണ്ടായിരുന്നു. നെറ്റിൽ സ്വീപ്പ് പ്രാക്ടീസ് ചെയ്തുവെന്ന് അവൻ തുറന്നുപറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പിച്ചിൽ ആക്രമിച്ച് തന്നെയാണ് കളിക്കേണ്ടത്. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

231 പന്തിൽ 18 ഫോറും 2 സിക്സുമടക്കം 161 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ടെസ്റ്റ് കരിയറിലെ രോഹിത് ശർമ്മയുടെ ഏഴാം സെഞ്ചുറി കൂടിയാണിത്.