Skip to content

അശ്വിനല്ല, മാൻ ഓഫ് ദി മാച്ചിന് അർഹൻ രോഹിത് ശർമ്മ ; കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് അർഹിച്ചിരുന്നത് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയും രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി എട്ട് വിക്കറ്റും നേടിയ രവിചന്ദ്രൻ അശ്വിനാണ് മാൻ ഓഫ് ദി മാച്ച് ലഭിച്ചത്.

” രോഹിത് ശർമ്മയാണ് എന്റെ അഭിപ്രായത്തിൽ മാൻ ഓഫ് ദി മാച്ചിന് അർഹൻ, അത് വേറൊന്നും കൊണ്ടല്ല ഈ മത്സരത്തിലെ രീതി കണ്ടതുകൊണ്ടാണ്. ആദ്യ ഇന്നിങ്സായിരുന്നു മത്സരത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഈ പിച്ച് ബൗളർമാർക്ക് അനുകൂലമാണെന്നും ബാറ്റിങ് ദുഷ്കരമായിരിക്കുമെന്നും എല്ലാവർക്കും അറിയാമായിരുന്നു. ” ഓജ പറഞ്ഞു.

” എല്ലാവരും അശ്വിനും സെഞ്ചുറി നേടിയില്ലേ എന്ന് പറയുമായിരിക്കും. അതേ അവന്റെത് മികച്ച സെഞ്ചുറി തന്നെയായിരുന്നു എന്നാലത് മത്സരത്തിന്റെ ഗതി നിർണയിക്കുന്നതായിരുന്നോ, അല്ല !! അവൻ സെഞ്ചുറി നേടുന്നതിനും മുൻപേ തന്നെ ഇന്ത്യ മത്സരത്തിൽ വളരെ മുൻപിലെത്തിയിരുന്നു. ” പ്രഗ്യാൻ ഓജ കൂട്ടിച്ചേർത്തു.

” ഞാൻ അശ്വിന്റെ പ്രകടനത്തെ കുറച്ചുകാണുകയൽ, എന്നാൽ മത്സരത്തിൽ പ്രധാനപ്പെട്ടത് രോഹിത് ശർമ്മയുടെ സെഞ്ചുറിയായിരുന്നു. അതാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ” ഓജ പറഞ്ഞു.

” രോഹിത് ശർമ്മ 60 റൺസ് മാത്രം നേടിയെങ്കിൽ ഒരുപക്ഷേ രണ്ടാം ഇന്നിങ്സിലെ സ്കോർ നിർണായകമായേനെ. എന്നാൽ ആദ്യ ഇന്നിങ്സിലെ സെഞ്ചുറിയിലൂടെ അവൻ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് അപ്രസക്തമാക്കി, കാരണം അത്രത്തോളം ലീഡ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ലഭിച്ചു. ” പ്രഗ്യാൻ ഓജ കൂട്ടിച്ചേർത്തു.

231 പന്തിൽ 18 ഫോറും 2 സിക്സുമടക്കം 161 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ആദ്യ ഇന്നിങ്സിൽ 195 റൺസിന്റെ വമ്പൻ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഈ ലീഡ് പോലും രണ്ടാം ഇന്നിങ്സിൽ മറികടക്കാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല.