Skip to content

സാക്ഷാൽ ജാക്ക് കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ ; നേടിയത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ. അശ്വിന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 286 റൺസ് നേടിയത്.

148 പന്തിൽ 14 ഫോറും ഒരു സിക്സും ഉൾപ്പെടെ 106 റൺസ് നേടിയാണ് അശ്വിൻ പുറത്തായത്. ടെസ്റ്റ് കരിയറിലെ ആശ്വിന്റെ മൂന്നാം സെഞ്ചുറിയാണിത്.

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 43 റൺസ് വഴങ്ങി 5 വിക്കറ്റ് അശ്വിൻ നേടിയിരുന്നു. ഇത് മൂന്നാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തിൽ 5 വിക്കറ്റും സെഞ്ചുറിയും രവിചന്ദ്രൻ അശ്വിൻ നേടുന്നത്. ഇതോടെ ഏറ്റവും കൂടുതൽ തവണ ഒരേ ടെസ്റ്റ് മത്സരത്തിൽ 5 വിക്കറ്റ് നേട്ടവും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് അശ്വിൻ സ്വന്തമാക്കി.

രണ്ട് മത്സരങ്ങളിൽ 5 വിക്കറ്റ് നേട്ടവും സെഞ്ചുറിയും നേടിയ ജാക്ക് കാലിസ്, മുഷ്താഖ് മൊഹമ്മദ്, ഷാക്കിബ്‌ അൽ ഹസൻ, ഗാരി സോബേഴ്‌സ് എന്നിവരെയാണ് അശ്വിൻ പിന്നിലാക്കിയത്.

5 തവണ ഒരേ ടെസ്റ്റ് മത്സരത്തിൽ 5 വിക്കറ്റ് നേട്ടവും സെഞ്ചുറിയും നേടിയിട്ടുള്ള ഇയാൻ ബോതമാണ് ഇനി അശ്വിന് മുൻപിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റും 5 സെഞ്ചുറിയും നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് രവിചന്ദ്രൻ അശ്വിൻ.

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റും 5 സെഞ്ചുറിയും നേടിയിട്ടുള്ള താരങ്ങൾ

  1. ഇയാൻ ബോതം
  2. കപിൽ ദേവ്
  3. ഡാനിയേൽ വെട്ടോറി
  4. ഇമ്രാൻ ഖാൻ
  5. രവിചന്ദ്രൻ അശ്വിൻ

എട്ടാമനായി ബാറ്റിങിനിറങ്ങി അശ്വിൻ നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണിത്. ഇതോടെ എട്ടാം നമ്പറിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടം അശ്വിൻ സ്വന്തമാക്കി.

എട്ടാം നമ്പറിൽ ബാറ്റിങിനിറങ്ങി 2 സെഞ്ചുറി നേടിയിട്ടുള്ള എം എസ് ധോണി, കപിൽ ദേവ്, ഹർഭജൻ സിങ് എന്നിവരെയാണ് അശ്വിൻ പിന്നിലാക്കിയത്.