Skip to content

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 231 പന്തിൽ 161 റൺസ് നേടിയ രോഹിത് ശർമ്മയുടെ മികവിലാണ് ആദ്യ ഇന്നിങ്സിൽ 329 റൺസ് നേടിയത്.

സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

1. ഇംഗ്ലണ്ടിനെതിരായ രോഹിത് ശർമ്മയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. ഇതോടെ നാല് വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. ഇംഗ്ലണ്ടിന് പുറമെ വെസ്റ്റിൻഡീസ്, ശ്രീലങ്ക, സൗത്താഫ്രിക്ക എന്നീ ടീമുകൾക്കെതിരെയും രോഹിത് ശർമ്മ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടിയിട്ടുണ്ട്.

2. വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ലിന് ശേഷം ഇംഗ്ലണ്ടിനെതിരെ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി.

3. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ മാറി. 34 സെഞ്ചുറി നേടിയ സുനിൽ ഗവാസ്‌കറെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

  1. സച്ചിൻ ടെണ്ടുൽക്കർ – 45
  2. വീരേന്ദർ സെവാഗ് – 36
  3. രോഹിത് ശർമ്മ – 35 *
  4. സുനിൽ ഗാവസ്‌കർ – 34
  5. ശിഖാർ ധവാൻ – 24

4. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയിൽ 200 സിക്സും ഈ പ്രകടനത്തോടെ രോഹിത് ശർമ്മ പൂർത്തിയാക്കി. ഇന്ത്യയിൽ 200 സിക്സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ.

ബ്രണ്ടൻ മക്കല്ലം, മാർട്ടിൻ ഗപ്റ്റിൽ, ക്രിസ് ഗെയ്ൽ എന്നിവർക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തം നാട്ടിൽ 200 സിക്സ് നേടുന്ന ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ.