Skip to content

തേർഡ് അമ്പയറെ ഇന്ത്യ വിലയ്ക്ക് വാങ്ങിയോ, വരുത്തിയത് ഒന്നിലധികം പിഴവുകൾ ; ഉയരുന്നത് രൂക്ഷ വിമർശനങ്ങൾ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ വിവാദങ്ങൾക്ക് തുടക്കമിട്ട് തേർഡ് അമ്പയറുടെ തെറ്റായ തീരുമാനങ്ങൾ. ഒന്നിലധികം പിഴവുകളാണ് തേർഡ് അമ്പയർ അനിൽ ചൗധരി മത്സരത്തിലെ ഒന്നാം ദിനത്തിൽ വരുത്തിയത്. ഇതിനുപുറകെ അമ്പയറെ വിമർശിച്ച് ഓസ്‌ട്രേലിയ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലും ക്രിക്കറ്റ് കമന്റെറ്റർ ഹർഷ ബോഗ്ലെ അടക്കമുള്ളവർ രംഗത്തെത്തി.

ഇന്ത്യൻ ഇന്നിങ്സിലെ 75 ആം ഓവറിൽ അമ്പയർ വരുത്തിയ പിഴവാണ് ഇപ്പോൾ രൂക്ഷ വിമർശനങ്ങൾക്ക് കാരണമായത്. ജാക്ക് ലീച്ച് എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ രഹാനെ ഫ്ലിക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോട്ട് ലെഗ് കൈപിടിയിലൊതുക്കി. വിക്കറ്റിനായി ഇംഗ്ലണ്ട് താരങ്ങൾ അപ്പീൽ ചെയ്തുവെങ്കിലും ഫീൽഡ് അമ്പയർ നോട്ട് ഔട്ട് വിധിക്കുകയായിരുന്നു.

അമ്പയറുടെ തീരുമാനത്തിനെതിരെ ഇംഗ്ലണ്ട് റിവ്യൂ എടുക്കുകയും എന്നാൽ റിവ്യൂവിൽ അൾട്രാ എഡ്ജിൽ ഫ്ലാറ്റ് ലൈനായതിനാൽ തേർഡ് അമ്പയർ ബോൾ ട്രാക്കിങിലേക്ക് കടക്കുകയും ഡൗൺ ലെഗിൽ പിച്ച് ചെയ്തതിനാൽ ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെയ്ക്കുകയും ചെയ്തു.

എന്നാൽ പന്ത് ബാറ്റിൽ കൊണ്ടില്ലയെങ്കിലും രഹാനെയുടെ പാഡിൽ തട്ടി ഗ്ലൗസിൽ ഉരസിയിരുന്നു. അൾട്രാ എഡ്ജിൽ ഇക്കാര്യം വ്യക്തവുമായിരുന്നു. എന്നാൽ പന്ത് ബാറ്റ് മറിക്കടവെയുള്ള അൾട്രാ എഡ്ജ് മാത്രമാണ് അമ്പയറുടെ ശ്രദ്ധയിൽ പെട്ടത്. ഇംഗ്ലണ്ടിനാകട്ടെ റിവ്യൂ നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ബെൻ സ്റ്റോക്സ് അമ്പയറുമായി ചർച്ച നടത്തുകയും ഇംഗ്ലണ്ടിന് റിവ്യൂ തിരികെ ലഭിക്കുകയും ചെയ്തു.

എന്നാൽ അമ്പയറുടെ അശ്രദ്ധയാൽ ലഭിച്ച അവസരം വിനിയോഗിക്കാൻ രഹാനെയ്ക്ക് സാധിച്ചില്ല. തൊട്ടടുത്ത ഓവറിൽ മൊയിൻ അലിയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെ ബൗൾഡായി രഹാനെ പുറത്താവുകയായിരുന്നു.

കൂടാതെ രോഹിത് ശർമ്മ 159 ൽ നിൽക്കെ ബെൻ സ്റ്റോക്സ് സ്റ്റാമ്പ് ചെയ്ത് പുറത്താക്കാൻ ശ്രമിച്ചുവെങ്കിലും സംശയത്തിന്റെ ആനുകൂല്യത്തിൽ തേർഡ് അമ്പയർ നോട്ടൗട്ട് വിധിച്ചിരുന്നു.

https://twitter.com/Gmaxi_32/status/1360538852406882308?s=19

231 പന്തിൽ 161 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. അജിങ്ക്യ രഹാനെ 67 റൺസ് നേടി. ഇരുവരും നാലാം വിക്കറ്റിൽ 162 റൺസ് കൂട്ടിചേർത്തിരുന്നു.