Skip to content

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഏഴാം സെഞ്ചുറി രോഹിത് ശർമ്മ 231 പന്തിൽ 18 ഫോറും 2 സിക്സുമുൾപ്പടെ 161 റൺസ് നേടിയാണ് പുറത്തായത്. ഈ സെഞ്ചുറിയോടെ ലോക ക്രിക്കറ്റിൽ മറ്റാർക്കും നേടാൻ സാധിക്കാത്ത റെക്കോർഡും ഹിറ്റ്മാൻ സ്വാന്തമാക്കി.

ഇംഗ്ലണ്ടിനെതിരായ രോഹിത് ശർമ്മയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നാല് വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം രോഹിത് ശർമ്മ സ്വന്തമാക്കി.

ഇതിനുമുൻപ് വെസ്റ്റിൻഡീസ്, ശ്രീലങ്ക, സൗത്താഫ്രിക്ക എന്നീ ടീമുകൾക്കെതിരെ ഏകദിനത്തിലും ടെസ്റ്റിലും ടി20യിലും രോഹിത് ശർമ്മ സെഞ്ചുറി നേടിയിട്ടുണ്ട്‌.

മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയിട്ടുണ്ട്. 33 റൺസ് നേടിയ റിഷാബ് പന്തും 5 റൺ നേടിയ അരങ്ങേറ്റക്കാരൻ അക്ഷർ പട്ടേലുമാണ് ക്രീസിലുള്ളത്.

161 റൺസ് നേടിയ രോഹിത് ശർമ്മയുടെയും 67 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായപ്പോൾ 21 റൺസ് മാത്രം നേടിയ ചേതേശ്വർ പുജാരയും നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിന് വേണ്ടി മൊയിൻ അലി, ജാക്ക് ലീച്ച് എന്നിവർ 2 വിക്കറ്റ് വീതവും ക്യാപ്റ്റൻ ജോ റൂട്ട്, ഒല്ലി സ്റ്റോൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.