Skip to content

ഐ പി എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായി വിലയിരുത്തപെടുമ്പോഴും ഐ പി എല്ലിൽ ഇതുവരെയും ജോ റൂട്ടിന് കളിക്കാൻ സാധിച്ചില്ല. ചില സീസണിൽ ലേലത്തിൽ ഉണ്ടായിരുന്നുവെങ്കിലും ജോ റൂട്ടിന് ആവശ്യക്കാർ ഉണ്ടായിരുന്നില്ല. ഇപ്പോൾ കരിയറിലെ മിന്നുംഫോമിനിടയിലും ഐ പി എല്ലിൽ നിന്നും പിന്മാറിയിരിക്കുകയാണ് ജോ റൂട്ട്.

” ഇത് പ്രയാസമേറിയ തീരുമാനമായിരുന്നു. ഒരു ഐ പി എൽ സീസണിന്റെയെങ്കിലും ഭാഗമാകാൻ എനിക്ക് ആഗ്രഹമുണ്ട്, ഒരുപക്ഷേ അതിൽ ഒന്നിൽ കൂടുതലും ” ജോ റൂട്ട് പറഞ്ഞു.

” എന്നാൽ ഈ വർഷത്തിൽ ഇംഗ്ലണ്ടിന് ഒരുപാട് ടെസ്റ്റ് മത്സരങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത് ശരിയായ സമയമാണെന്ന് തോന്നുന്നില്ല. എന്റെ എല്ലാ കഴിവും ഒരുപക്ഷെ എനിക്ക് പുറത്തെടുക്കാൻ സാധിച്ചേക്കില്ല, ഐ പി എല്ലിൽ അത് ആവശ്യവുമാണ്. ” ജോ റൂട്ട് പറഞ്ഞു.

” അതിനൊപ്പം തന്നെ ഇംഗ്ലണ്ടിന് വേണ്ടിയും എന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചേക്കില്ല. അതുകൊണ്ട് തന്നെ ഇത് പ്രയാസമേറിയ തീരുമാനമാണ്. എന്നാൽ അടുത്ത വർഷത്തിൽ ഐ പി എല്ലിന്റെ ഭാഗമാകാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു അല്ലെങ്കിൽ ലേലത്തിലെങ്കിലും ” ജോ റൂട്ട് കൂട്ടിച്ചേർത്തു.

ആദ്യ ടെസ്റ്റിൽ ജോ റൂട്ടിന്റെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് ഇന്ത്യയെ 227 റൺസിന് പരാജയപെടുത്തിയത്. വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങിൽ കോഹ്ലിയെ പിന്നിലാക്കി ജോ റൂട്ട് കെയ്ൻ വില്യംസണും സ്റ്റീവ് സ്മിത്തിനും പുറകിൽ മൂന്നാം സ്ഥാനത്തെത്തി.