Skip to content

ശ്രീശാന്ത് ഐ പി എൽ കളിക്കില്ല, അന്തിമ പട്ടികയിൽ നിന്നും പുറത്ത് കാരണമിതാണ്

നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കളിക്കളത്തിൽ തിരിച്ചെത്തിയ മലയാളി താരം എസ് ശ്രീശാന്തിന് ഇക്കുറിയും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനാകില്ല. പതിനാലാം സീസണിന് മുൻപായി നടക്കുന്ന താരലേലത്തിൽ ശ്രീശാന്ത് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഇന്നലെ പുറത്തുവിട്ട ലേലത്തിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടാൻ ശ്രീശാന്തിന് സാധിച്ചില്ല.

2013 ൽ വാതുവെപ്പ് വിവാദത്തിന്റെ പേരിലാണ് ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ പിന്നീട് സുപ്രീംകോടതി വിധിയ്ക്ക് ശേഷം ആജീവനാന്ത വിലക്ക് ബിസിസിഐ പിൻവലിക്കുകയും ചെയ്തതോടെയാണ് സയ്ദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ശ്രീശാന്ത് കളിക്കളത്തിൽ തിരിച്ചെത്തിയത്.

1114 താരങ്ങൾ ലേലത്തിനായി പേര് നൽകിയിരുന്നു. അതിൽ ഏതെങ്കിലും ഫ്രാഞ്ചൈസി താല്പര്യം പ്രകടിപ്പിക്കുന്ന താരങ്ങളെ മാത്രമാണ് അന്തിമ പട്ടികയിൽ ബിസിസിഐ ഉൾപെടുത്തുക. ശ്രീശാന്തിൽ ഫ്രാഞ്ചൈസികൾ ഒന്നും തന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടാകില്ലയെന്നും അതുകൊണ്ടാകാം അന്തിമ ലിസ്റ്റിലിടം നേടാൻ സാധിക്കാതിരുന്നതെന്നും ഒരു ഫ്രാഞ്ചൈസി വക്താവ് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റിലും 53 ഏകദിനങ്ങളിലും 10 ടി20യിലും കളിച്ചിട്ടുള്ള ശ്രീശാന്ത് 169 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌.

ആദ്യ ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളർ ശ്രീശാന്ത് ആയിരുന്നു.

292 താരങ്ങളാണ് ലേലത്തിനുള്ള അന്തിമ പട്ടികയിലുള്ളത്. ഫെബ്രുവരി 18 ന് ചെന്നൈയിലാണ് ലേലം നടക്കുന്നത്.

164 ഇന്ത്യൻ താരങ്ങളും 125 വിദേശ താരങ്ങളുമാണ് ലേലത്തിനുള്ള അന്തിമ പട്ടികയിലുള്ളത്.

https://twitter.com/IPL/status/1360195870881320967?s=19

10 താരങ്ങളാണ് തങ്ങളുടെ അടിസ്ഥാന വില 2 കോടിയായി നിശ്ചയിച്ചിട്ടുള്ളത്. ഗ്ലെൻ മാക്‌സ്‌വെൽ, സ്റ്റീവ് സ്മിത്ത്, ഷാക്കിബ്‌ അൽ ഹസൻ, മൊയിൻ അലി, ജേസൺ റോയ്, ലിയാം പ്ലങ്കറ്റ്, മാർക്ക് വുഡ്, സാം ബില്ലിങ്‌സ്, ഹർഭജൻ സിങ്, കേദാർ ജാദവ് എന്നിവരാണ് അടിസ്ഥാന വില 2 കോടിയിട്ടിരിക്കുന്ന താരങ്ങൾ.