Skip to content

38 ആം വയസ്സിലും പുപ്പുലി, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൻ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 2 വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സൺ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് 38 ക്കാരനായ ഈ ഇംഗ്ലീഷ് പേസർ.

ഓപ്പണർ ശുഭ്മാൻ ഗിൽ, വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, വിക്കറ്റ് കീപ്പർ റിഷാബ് പന്ത് എന്നിവരെയാണ് രണ്ടാം ഇന്നിങ്സിൽ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കിയത്.

മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 30 ആം വയസ്സിന് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ചരിത്രനേട്ടം ആൻഡേഴ്സൺ സ്വന്തമാക്കി. 30 ആം വയസ്സിന് ശേഷം 341 വിക്കറ്റുകൾ നേടിയ വെസ്റ്റിൻഡീസ് ഇതിഹാസം കോർട്നി വാൽഷിനെയാണ് ആൻഡേഴ്സൺ പിന്നിലാക്കിയത്.

30 വയസിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാർ

  1. ജെയിംസ് ആൻഡേഴ്സൺ – 343 *
  2. കോർട്നി വാൽഷ് – 341
  3. ഗ്ലെൻ മഗ്രാത്ത് – 287
  4. റിച്ചാർഡ് ഹാഡ്ലീ – 276

ഇതുകൂടാതെ നാലാം ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇംഗ്ലണ്ട് ബൗളറെന്ന നേട്ടവും ആൻഡേഴ്സൺ സ്വന്തമാക്കി. 79 വിക്കറ്റ് നേടിയിട്ടുള്ള സ്റ്റുവർട്ട് ബ്രോഡിന്റെ റെക്കോർഡാണ് ആൻഡേഴ്സൺ തകർത്തത്.

നാലാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇംഗ്ലണ്ട് ബൗളർമാർ

  1. ജെയിംസ് ആൻഡേഴ്‌സൺ – 81*
  2. സ്റ്റുവർട്ട് ബ്രോഡ് – 79*
  3. മൊയീൻ അലി – 59*

2003 ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജെയിംസ് ആൻഡേഴ്സൻ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബൗളറാണ്. 158 മത്സരങ്ങളിൽ നിന്നും 611 വിക്കറ്റുകൾ ഇതുവരെ ആൻഡേഴ്സൺ നേടിയിട്ടുണ്ട്.

മുത്തയ്യ മുരളീധരനും ഷെയ്ൻ വോണും അനിൽ കുംബ്ലെയും മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ജെയിംസ് ആൻഡേഴ്സനേക്കാൾ കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ളത്.