Skip to content

ഇന്ത്യയുടെ ഐതിഹാസിക വിജയത്തെ പ്രശംസിച്ച് കെയ്ൻ വില്യംസൺ

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ടീമിന്റെ ഐതിഹാസിക വിജയത്തെ പ്രശംസിച്ച് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. മുൻനിര താരങ്ങളുടെ അഭാവത്തിലും ഇന്ത്യ നേടിയ വിജയം അസാമാന്യമാണെന്നും ഈ വിജയം ഇന്ത്യയ്ക്ക് കൂടുതൽ ഊർജ്ജം പകർന്നിട്ടുണ്ടെന്നും വില്യംസൺ പറഞ്ഞു.

” ഏതൊരു ഓസ്‌ട്രേലിയക്കെതിരെ കളിക്കുകയെന്നത് ദുഷ്കരമാണ്, പ്രത്യേകിച്ച് അവരുടെ നാട്ടിൽ പോയി നേരിടുകയെന്നത് അതിലേറെ വെല്ലുവിളിയാണ്. പരിക്ക് മൂലം കുറെയേറെ താരങ്ങൾ പുറത്തായിട്ടും ഓസ്‌ട്രേലിയയിൽ ഇന്ത്യ നേടിയ വിജയം അസാധാരണമാണ്. ” വില്യംസൺ പറഞ്ഞു.

അവർ നേരിട്ട വെല്ലുവിളിയും അതിനെ അവർ നേരിട്ട രീതിയിൽ അഭിനന്ദനം അർഹിക്കുന്നുവെന്നും ഗാബയിൽ നടന്ന അവസാന ടെസ്റ്റിനെത്തുമ്പോൾ ഇന്ത്യൻ ബൗളിങ് നിരയിലെ എല്ലാവരും ചേർന്ന് കളിച്ചത് ഏഴോ എട്ടോ മത്സരങ്ങൾ മാത്രമാണെന്നും കെയ്ൻ വില്യംസൺ കൂട്ടിച്ചേർത്തു.

” ഈ വിജയം ആരാധകർക്കൊപ്പം തന്നെ ഇന്ത്യൻ ടീമംഗങ്ങളും വളരെയേറെ ആസ്വദിച്ചിട്ടുണ്ടാകും ഐ പി എല്ലിൽ നിന്നും അവർ നേരെയെത്തിയത് ഓസ്‌ട്രേലിയയിലാണ്. അതുകൊണ്ട് ഏറെകാലത്തിന് ശേഷം കുടുംബത്തോടൊപ്പമുള്ള സമയം അവർ ഏറെ സന്തോഷിച്ചിട്ടുണ്ടാകും ” വില്യംസൺ കൂട്ടിച്ചേർത്തു.

ആദ്യ മത്സരത്തിൽ 36 റൺസിന് പുറത്തായി പരാജയപെട്ട ശേഷമാണ് പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയത്.

ഈ മാസം നടക്കാനിരുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും ഓസ്‌ട്രേലിയ പിന്മാറിയതിനാൽ പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ന്യൂസിലാൻഡ് മാറിയിരുന്നു.

സൗത്താഫ്രിക്കയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് തരംഗളുടെ സുരക്ഷ കണക്കിലെടുത്ത് ഓസ്‌ട്രേലിയ പര്യടനത്തിൽ നിന്നും പിന്മാറിയത്. നേരത്തെ ഇംഗ്ലണ്ടും സൗത്താഫ്രിക്കൻ പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.