Skip to content

ഫൈനലിൽ ആരായിരിക്കും ന്യൂസിലാൻഡിന്റെ എതിരാളി, ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സാധ്യതകളിങ്ങനെ, ഓസ്‌ട്രേലിയക്കും പ്രതീക്ഷകൾ

ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ചതോടെ ഐസിസി ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ന്യൂസിലാൻഡ്. 70 % വിജയശതമാനത്തോടെയാണ് ന്യൂസിലാൻഡ് ലോർഡ്സിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമാണ് ഫൈനലിൽ യോഗ്യത നേടാൻ കൂടുതൽ സാധ്യതയെങ്കിലും ഓസ്‌ട്രേലിയക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്. മൂന്ന് ടീമുകളുടെയും സാധ്യതകൾ പരിശോധിക്കാം…

ഇംഗ്ലണ്ടിന്റെ സാധ്യതകൾ

ശ്രീലങ്കയെ 2-0 ന് പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് നേരിടാനെത്തുന്നത്. പോയിന്റ് ടേബിളിൽ 68.67 % വിജയശതമാനത്തോടെ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഇന്ത്യയ്ക്കെതിരെ മൂന്ന് മത്സരങ്ങളിലെങ്കിലും പരാജയപെടുത്തിയാൽ മാത്രമേ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. പരമ്പര 4-0 അല്ലെങ്കിൽ 3-0, 3-1 എന്നിങ്ങനെ വിജയിച്ചാൽ ഇംഗ്ലണ്ടിന് ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ പ്രവേശിക്കാം.

ഓസ്‌ട്രേലിയയുടെ സാധ്യതകൾ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-1 ന് പരാജയപെട്ടതാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയക്ക് തിരിച്ചടിയായത്. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര മാറ്റിവെച്ചതോടെ ഇനി ഇന്ത്യയും ഇംഗ്ലണ്ടും കനിഞ്ഞാൽ മാത്രമേ ഓസ്‌ട്രേലിയക്ക് ഫൈനലിലെത്താൻ സാധിക്കൂ.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഏത് രീതിയിൽ സമനിലയിൽ കലാശിച്ചാലും ഇംഗ്ലണ്ട് രണ്ട് മത്സരങ്ങളിൽ മാത്രം വിജയിച്ചാലും ഓസ്‌ട്രേലിയക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും.

ഇന്ത്യയ്ക്കെതിരായ മെൽബൺ ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് നാല് പോയിന്റുകൾ ഓസ്‌ട്രേലിയക്ക് നഷ്ട്ടപെട്ടിരുന്നു. ആ നാല് പോയിന്റുകൾ ലഭിച്ചിരുന്നെങ്കിൽ ന്യൂസിലാൻഡിന് പകരം ഓസ്‌ട്രേലിയക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നു.

ഇന്ത്യയുടെ സാധ്യതകൾ

ഫൈനലിൽ യോഗ്യത നേടാൻ ഏറ്റവും കൂടുതൽ സാധ്യത ഇന്ത്യയ്ക്ക് തന്നെയാണ്. 71.67 % Pct യോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ 4-0, 3-0, 3-1, 2-0, 2-1 എന്നിങ്ങനെ പരാജയപെടുത്തിയാൽ ഇന്ത്യയ്ക്ക് ഫൈനൽ യോഗ്യത നേടാൻ സാധിക്കും.