Skip to content

അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, ഹർഭജൻ സിങിന്റെ റെക്കോർഡ് തെറിച്ചേക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അശ്വിന് ആ മികവ് ഇംഗ്ലണ്ടിനെതിരെയും തുടരാൻ സാധിച്ചാൽ മുൻ സ്പിന്നർ ഹർഭജൻ സിങിന്റെ റെക്കോർഡ് തകർക്കാൻ സാധിക്കും.

പരമ്പരയിൽ 12 വിക്കറ്റുകൾ നേടാൻ സാധിച്ചാൽ ടെസ്റ്റിൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളറെന്ന നേട്ടത്തിൽ ഹർഭജൻ സിങിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താൻ അശ്വിന് സാധിക്കും.

74 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 377 വിക്കറ്റുകൾ ഇതുവരെ അശ്വിൻ നേടിയിട്ടുണ്ട്. ഇതിൽ 254 വിക്കറ്റും അശ്വിൻ നേടിയത് ഇന്ത്യൻ മണ്ണിലാണ്.

ടെസ്റ്റിൽ 417 വിക്കറ്റ് നേടിയിട്ടുള്ള ഹർഭജൻ സിങ് ഇന്ത്യയിൽ 265 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഇന്ത്യയിൽ മാത്രം 350 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ലെ ഈ നേട്ടത്തിൽ ബഹുദൂരം മുൻപിലാണ്.

ഇംഗ്ലണ്ടിനെതിരെ തകർപ്പൻ പ്രകടനമാണ് അശ്വിൻ കാഴ്ച്ചവെച്ചിട്ടുള്ളത്. 27 മത്സരങ്ങളിൽ നിന്നും ഇതുവരെ 56 വിക്കറ്റുകൾ ഇംഗ്ലണ്ടിനെതിരെ അശ്വിൻ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ 5 ടെസ്റ്റിൽ നിന്നും 28 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു.

ടെസ്റ്റിൽ 21 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വാന്തമാക്കിയിട്ടുള്ള അശ്വിൻ 6 തവണ ഒരു ടെസ്റ്റിൽ 10 വിക്കറ്റ് നേടിയിട്ടുണ്ട്.

ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള 4 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ചെന്നൈയിലാണ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ നടക്കുന്നത്. പുതുതായി പണി കഴിഞ്ഞ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം കൂടിയായ അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ നടക്കുക.