Skip to content

ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ആ താരത്തെ ; ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ടത് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചറെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. 11 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച ജോഫ്രാ ആർച്ചർ ഇതിനോടകം 38 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതിനുമുൻപ് ടെസ്റ്റ് മത്സരങ്ങളൊന്നും കളിച്ചിട്ടില്ലയെങ്കിൽ കൂടിയും ഐ പി എല്ലിലെ പരിചയസമ്പത്ത് ആർച്ചറിന് തുണയാകും.

” ജോഫ്രാ ആർച്ചറെയാണ് ഇന്ത്യ ഭയക്കേണ്ടത്, കാരണം ജസ്പ്രീത് ബുംറ, പാറ്റ് കമ്മിൻസ്, കഗിസോ റബാഡ എന്നിവർക്കൊപ്പം ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണവൻ. അതുകൊണ്ട് തന്നെ അവനെ ഇന്ത്യ ഭയക്കണം. എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അവന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്. ആ വെല്ലുവിളി അവൻ എങ്ങനെ നേരിടുമെന്ന് കണ്ടുതന്നെയറിയണം. ” ഗംഭീർ പറഞ്ഞു.

റൺസ് നേടാനുള്ള വഴികൾ തടഞ്ഞുകൊണ്ടാകും പരമ്പരയിൽ വിരാട് കോഹ്ലിയെ ഇംഗ്ലണ്ട് നേരിടുകയെന്നും ഓസ്‌ട്രേലിയ ചെയ്‌തതുപോലെ അറ്റാക്ക് ചെയ്യുവാൻ ഇംഗ്ലണ്ട് തുനിയില്ലയെന്നും ഗൗതം ഗംഭീർ പറഞ്ഞു.

” കോഹ്ലിയെ നിശബ്ദനാക്കി നിർത്തുവാനായിരിക്കും അവർ ശ്രമിക്കുക. പ്രതിരോധിച്ച് റൺസ് നേടാനുള്ള വഴികൾ തടയാനായിരിക്കും ശ്രമിക്കുക. ഓസ്‌ട്രേലിയ ചെയ്തതുപോലെ എല്ലായ്പ്പോഴും രണ്ട് സ്ലിപ്പും ഒരു ഗുല്ലിയെയും നിർത്തി അറ്റാക്ക് ചെയ്യുവാൻ അവർ ശ്രമിക്കില്ല. ശ്രീലങ്കയ്ക്കെതിരെ വളരെ പെട്ടെന്ന് തന്നെ ഒരു സ്ലിപ്പിനെ മാത്രം നിർത്തി പ്രതിരോധിച്ചാണ് അവർ കളിച്ചിരുന്നത് ” ഗംഭീർ പറഞ്ഞു.

” ന്യൂ ബോൾ എടുക്കുമ്പോഴോ പന്ത് റിവേഴ്സ് ചെയ്യുമ്പോഴോ മാത്രമായിരിക്കും അവർ അറ്റാക്ക് ചെയ്യുന്നത്. അല്ലാത്തപ്പോളെല്ലാം റൺസ് വഴങ്ങാതിരിക്കാനായിരിക്കും അവർ ശ്രമിക്കുക. ഓസ്‌ട്രേലിയയിലെ പിച്ചുകളിലെ മികച്ച പ്രകടനത്തിന്റെ അമിത ആത്മവിശ്വാസത്തിലാണ് ഇന്ത്യ എത്തുന്നതെങ്കിൽ അത് ടീമിന് വലിയ തിരിച്ചടിയാകും ” ഗംഭീർ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരെ അവസാന 10 ടെസ്റ്റുകളിൽ 78 മുകളിൽ ശരാശരിയിൽ 1248 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് പരമ്പരകളിലും കോഹ്ലിയായിരുന്നു പ്ലേയർ ഓഫ് ദി സിരീസ്.