Skip to content

പ്രശ്നം ആ ഫോർമാറ്റിൽ മാത്രം, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഗംഭീർ

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ താൻ വിമർശിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോഹ്ലിയുടെ ലീഡർഷിപ്പിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളതെന്നും കോഹ്ലിയുടെ കീഴിൽ ഇനിയും ഇന്ത്യൻ ടീം ഒരുപാട് വളരുമെന്നും ഗൗതം ഗംഭീർ പറഞ്ഞു.

” എല്ലായ്പ്പോഴും അവന്റെ ടി20 ക്യാപ്റ്റൻസിയെ ഞാൻ ചോദ്യം ചെയ്തിട്ടുണ്ട്, എന്നാൽ ഒരിക്കലും ടെസ്റ്റ് ക്രിക്കറ്റിലെയോ ഏകദിന ക്രിക്കറ്റിലെയോ അവന്റെ ക്യാപ്റ്റൻസിയെ ഞാൻ ചോദ്യം ചെയ്തിട്ടില്ല. അവന്റെ ലീഡർഷിപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചിട്ടുള്ളത് പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റിൽ, അവന്റെ കീഴിൽ ഇന്ത്യൻ ടീം ഇനിയും ഒരുപാട് വളരുമെന്ന് എനിക്കുറപ്പുണ്ട്. ” ഗൗതം ഗംഭീർ പറഞ്ഞു.

” ഇന്ത്യ ഒരിക്കലും ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ചിട്ടില്ല, ഇത് വിരാട് കോഹ്ലി എപ്പോഴും പറയാറുമുണ്ട്. അതെ വിരാട് കോഹ്ലിയാണ് നായകൻ, മറ്റുള്ളവർക്കൊപ്പം അവനും ഹാപ്പിയാണ്. ” ഗംഭീർ പറഞ്ഞു.

” എല്ലാ ബാറ്റ്‌സ്മാന്മാരും പറയാറുണ്ട് സെഞ്ചുറികളിൽ കാര്യമില്ലെന്നും ടീമിനെ വിജയത്തിലെത്തിക്കുന്നതിനുള്ള റൺസ് സ്കോർ ചെയ്യുകയെന്നതാണ് പ്രധാനമെന്ന്, ഓസ്‌ട്രേലിയയിൽ ബാറ്റ് ചെയ്തില്ലയെന്ന കാര്യം വിരാട് കോഹ്ലിയെ ബാധിക്കില്ല. തീർച്ചയായും അവിടെ ബാറ്റ് ചെയ്യുവാൻ അവൻ ആഗ്രഹിച്ചിരിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ യോഗ്യത നേടാൻ ഇംഗ്ലണ്ടിനെതിരായ പരമ്പര എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് അവനറിയാം അതുകൊണ്ട് തന്നെ ആ രീതിയിലായിരിക്കും അവൻ പരമ്പരയെ സമീപിക്കുക ” ഗംഭീർ കൂട്ടിച്ചേർത്തു.

വളരെ സന്തോഷവാനായിട്ടായിരിക്കും കോഹ്ലി ടീമിൽ തിരിച്ചെത്തുകയെന്നും കുഞ്ഞുണ്ടായതിന്റെ സന്തോഷം അവന്റെ പ്രകടനത്തിലും കാണാൻ സാധിക്കുമെന്നും ഗംഭീർ പറഞ്ഞു.

ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.