Skip to content

ആ നിർണായക മാറ്റം നിർദ്ദേശിച്ചത് വിരാട് കോഹ്ലി, ഇന്ത്യൻ ബാറ്റിങ് കോച്ചിന്റെ വെളിപ്പെടുത്തൽ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ അഞ്ചാം നമ്പർ ബാറ്റ്‌സ്മാനായി ഇറക്കാൻ നിർദ്ദേശം നൽകിയത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്ന് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ.

അഞ്ചാം നമ്പറിൽ റിഷാബ് പന്തിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ പരമ്പര വിജയത്തിൽ നിർണായകമായത്. സിഡ്‌നി ടെസ്റ്റിൽ അഞ്ചാനായി ഇറങ്ങി 118 പന്തിൽ 97 റൺസ് നേടി ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്ത പന്ത് നാലാം ടെസ്റ്റിൽ പുറത്താകാതെ 89 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തിരുന്നു.

” അത് എന്റെ തീരുമാനമായിരുന്നില്ല. അതിന്റെ ക്രെഡിറ്റ് എനിക്ക് എടുക്കാനാകില്ല. ആദ്യ ടെസ്റ്റിൽ പരാജയപെട്ട ശേഷമാണ് ഈ തീരുമാനമുണ്ടായത്. ഇന്ത്യയിലേക്ക് തിരിക്കും മുൻപ് വിരാട് രഹാനെയുമായും ഞങ്ങളുമായും ചർച്ച നടത്തിയിരുന്നു. ഈ നിർദ്ദേശം യഥാർത്ഥത്തിൽ കോഹ്ലിയിൽ നിന്നാണ് വന്നത് ” റാത്തോർ പറഞ്ഞു.

” രണ്ട് ഇടംകയ്യൻ ബാറ്റ്‌സ്മാന്മാർ ഉള്ളതിനാൽ പന്ത് അഞ്ചാം നമ്പറിൽ ഇറങ്ങിയാൽ ലെഫ്റ്റ് – റൈറ്റ് ഹാൻഡ് കോമ്പിനേഷനുണ്ടാക്കാൻ സാധിക്കുമെന്നാണ് അവൻ പറഞ്ഞത്. ഇതിനെകുറിച്ച് ഞങ്ങൾ കൂടുതൽ ചർച്ചകൾ നടത്തി. വിക്കറ്റ് നേരത്തെ വീണാൽ അത് പന്തിന് പറ്റിയ സമയമായിരിക്കുമോ അതോ അവനെ ആറാം നമ്പറിൽ തന്നെയിറക്കണോ. എന്നാൽ വിക്കറ്റ് വീഴുന്നതൊന്നും കണക്കിലെടുക്കാതെ അവനെ അഞ്ചാമനായി ഇറക്കണമെന്ന് ഞാൻ പറഞ്ഞു. കാരണം അവസാന ഇന്നിങ്‌സ് ആയതുകൊണ്ട് തന്നെ ഞങ്ങൾ റൺസ് നേടാനാണ് നോക്കിയിരുന്നത്. ” അദ്ദേഹം കൂട്ടിച്ചേർത്തു.

” ഞങ്ങളുടെ ലക്ഷ്യം സമനിലയായിരുന്നില്ല. റൺസ് നേടാൻ തന്നെയാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത് . രഹാനെയോട് അക്കാര്യം സംസാരിക്കുകയും രഹാനെ സമ്മതിക്കുകയും ചെയ്തു. മികച്ച തുടക്കം ലഭിച്ചാൽ റിഷാബ് പന്തിനെ നാലാം നമ്പറിൽ ഇറക്കുന്നതിനെ കുറിച്ചും ചിന്തിച്ചിരുന്നു, എന്നാലത് നടന്നില്ല ” വിക്രം റാത്തോർ കൂട്ടിച്ചേർത്തു.