Skip to content

ഒന്നും മാറിയിട്ടില്ല, അവനാണ് എന്റെ ക്യാപ്റ്റൻ, ഞാനവന്റെ സഹായി മാത്രം ; അജിങ്ക്യ രഹാനെ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചുവെങ്കിലും ഇന്ത്യൻ ടീമിന്റെ ലീഡർഷിപ്പിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലയെന്ന് അജിങ്ക്യ രഹാനെ. വിരാട് കോഹ്ലിയായിരിക്കും എന്നും തന്റെ ക്യാപ്റ്റനെന്നും കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുകയെന്നത് തന്റെ ഉത്തരവാദിത്വമെന്നും രഹാനെ പറഞ്ഞു.

” ഒന്നും മാറിയിട്ടില്ല, വിരാട് കോഹ്ലിയാണ് എന്നും ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ ഞാനവന്റെ സഹായി മാത്രമാണ്. കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുകയെന്നതും ടീമിന്റെ വിജയത്തിലെത്തിക്കുകയെന്നത് എന്റെ ഉത്തരവാദിത്വമാണ്. ” രഹാനെ പറഞ്ഞു.

” ക്യാപ്റ്റനാകുകയെന്നതല്ല, ക്യാപ്റ്റനായി എങ്ങനെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതുവരെ ഞാൻ വിജയിച്ചു. ഭാവിയിലും അങ്ങനെയായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടീമിന് ഏറ്റവും മികച്ച ഫലം നേടികൊടുക്കാണ് ഞാൻ ശ്രമിക്കും. ” രഹാനെ കൂട്ടിച്ചേർത്തു.

ക്യാപ്റ്റനായ അഞ്ചിൽ നാല് മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനും ഒരു മത്സരത്തിൽ സമനില നേടികൊടുക്കാനും രഹാനെയ്ക്ക് സാധിച്ചിട്ടുണ്ട്.

” എല്ലായ്പ്പോഴും ഞാനും കോഹ്ലിയും പരസ്പരം പിന്തുണച്ചിട്ടുണ്ട്. ക്രീസിൽ നിൽക്കുമ്പോഴെല്ലാം ബൗളർമാരെ കുറിച്ച് ഞങ്ങൾ സംസാരിക്കും. ഒരാൾ മോശം ഷോട്ട് കളിക്കുമ്പോഴെല്ലാം ഞങ്ങൾ ജാഗ്രത കാണിക്കാറുണ്ട്. ” രഹാനെ പറഞ്ഞു.

“വിരാട് മികച്ച ക്യാപ്റ്റനാണ്. ഫീൽഡിൽ മികച്ച തീരുമാനങ്ങൾ അവനെടുക്കുന്നു. സ്പിന്നർമാർ പന്തെറിയുമ്പോഴെല്ലാം സ്ലിപ്പിൽ ക്യാച്ചുകൾ നേടുവാൻ എനിക്ക് സാധിക്കുമെന്ന് അവനെപ്പോഴും വിശ്വസിക്കുന്നു. വിരാട് എന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഒരിക്കലും അവനെ നിരാശപ്പെടുത്താതിരിക്കാനും ഞാൻ ശ്രമിക്കുന്നുണ്ട്. ” രഹാനെ പറഞ്ഞു.