Skip to content

സച്ചിന്റെ റെക്കോർഡുകൾ സുരക്ഷിതമല്ല, എല്ലാം ജോ റൂട്ട് തകർക്കും ; ജെഫ്രി ബോയ്കോട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്‌, ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്നീ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകൾ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് തകർക്കുമെന്ന് ഇംഗ്ലണ്ട് ഇതിഹാസതാരം ജെഫ്രി ബോയ്കോട്ട്. ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ജെഫ്രി ബോയ്കോട്ടിനെയും കെവിൻ പീറ്റേഴ്‌സണെയും ഡേവിഡ് ഗോവറെയും പിന്നിലാക്കി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ജോ റൂട്ട് സ്വന്തമാക്കിയിരുന്നു.

” ഇംഗ്ലണ്ടിന് വേണ്ടി ഞാനും ഡേവിഡ് ഗോവറും കെവിൻ പീറ്റേഴ്‌സണും നേടിയതിനേക്കാൾ കൂടുതൽ റൺസ് അവൻ നേടിയ കാര്യം മറന്നേക്കൂ. 200 ടെസ്റ്റ് മത്സരങ്ങൾ കളിക്കാനും സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ കൂടുതൽ റൺസ് നേടുവാനുമുള്ള കഴിവ്‌ അവനുണ്ട്. ” ബോയ്കോട്ട് പറഞ്ഞു.

ടെസ്റ്റിൽ 200 മത്സരങ്ങൾ കളിച്ചിട്ടുള്ള ഒരേയൊരു താരമായ സച്ചിൻ 53.78 ശരാശരിയിൽ 51 സെഞ്ചുറിയും 68 ഫിഫ്റ്റിയുമടക്കം 15,921 റൺസ് നേടിയിട്ടുണ്ട്. മറുഭാഗത്ത് 99 മത്സരങ്ങൾ കളിച്ച ജോ റൂട്ട് 49.39 ശരാശരിയിൽ 19 സെഞ്ചുറിയും 49 ഫിഫ്റ്റിയുമടക്കം 8249 റൺസ് ഇതുവരെ നേടിയിട്ടുണ്ട്.

” അവന്റെ പ്രായമിപ്പോൾ 30 വയസുമാത്രമാണ്. ഇതിനകം തന്നെ 99 മത്സരങ്ങൾ കളിച്ച അവൻ 8249 റൺസ് നേടിയിട്ടുണ്ട്. മറ്റൊരു ഗുരുതരമായ പരിക്ക് വന്നില്ലെങ്കിൽ തീർച്ചയായും അവൻ സച്ചിൻ ടെണ്ടുൽക്കറുടെ 15,921 റൺസെന്ന റെക്കോർഡ് തകർക്കും ” ജോഫ്രി ബോയ്കോട്ട് കൂട്ടിച്ചേർത്തു.

കോവിഡ് മൂലമുണ്ടായ ലോക്ഡൗൺ ജോ റൂട്ടിന് ബാറ്റിങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയം നൽകിയെന്നും ഇതിനുമുൻപ് ടി20 ക്രിക്കറ്റ് അവന്റെ പ്രകടനത്തെ ബാധിച്ചിരുന്നുവെന്നും ടി20 ക്രിക്കറ്റ് റൂട്ടിന് അനുയോജ്യമല്ലയെന്നും ബോയ്കോട്ട് ചൂണ്ടിക്കാട്ടി.