Skip to content

‘ കോഹ്ലിയോട് എനിക്ക് മത്സരിക്കാനാവില്ല, സ്റ്റീവ് സ്മിത്തിനെ നോട്ടമിടാനാണ് തീരുമാനിച്ചത് ‘ : അശ്വിൻ

അശ്വിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സീരീസുകളിൽ ഒന്നായിരുന്നു ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി. അഡ്ലെയ്ഡിൽ അന്തിമ ഇലവനിൽ ഇടം പിടിക്കില്ലെന്ന് വിചാരിച്ച അശ്വിനാണ് പിന്നീട് ഇന്ത്യയുടെ നെടുംതൂണായിമാറിയത്. 6 ഇന്നിംഗ്‌സിൽ നിന്നായി 12 വിക്കറ്റാണ് വീഴ്ത്തിയത്.

ഓസ്‌ട്രേലിയയുടെ അപകടകാരിയായ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ തുടർച്ചയായി ബുദ്ധിമുട്ടിച്ചത് ക്രിക്കറ്റ് ലോകം കണ്ടതാണ്, ഈ സീരീസിൽ 3 തവണയാണ് സ്മിത്തിനെ പുറത്താക്കിയത്. ബോളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ച വെച്ചു, സിഡ്‌നിയിൽ സമനില പിടിക്കാൻ വിഹാരിക്കൊപ്പം അഞ്ചാം ദിനം ക്രീസിൽ പിടിച്ചു നിന്നു. 128 നേരിട്ട് പുറത്താകാതെ 39 റൺസ് നേടി.

സ്മിത്തിനെതിരെ മത്സരിക്കാൻ ടെസ്റ്റ് സീരീസ് തുടങ്ങും മുമ്പേ തീരുമാനിച്ചിരുന്നതായി അശ്വിൻ വെളിപ്പെടുത്തി. തന്റെ ബോളിങ്ങിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നുവെന്നും, അതിനുള്ള മറുപടി നൽകാൻ ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ തീരുമാനിച്ചിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

” നഥാൻ ലിയോണുമായി എന്നെ താരതമ്യം ചെയ്ത് എനിക്കെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. 2018ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ അഡ്‌ലെയ്ഡ് മത്സരത്തിൽ ഞാൻ ആറ് വിക്കറ്റുകൾ വീഴ്ത്തി, അടിവയറ്റിലെ വേദന വകവയ്ക്കാതെയാണ് അന്ന് ബോളിംഗ് തുടർന്നത്. എന്നാൽ മത്സരശേഷം, ലിയോൺ എത്ര നന്നായി പന്തെറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി ഞങ്ങൾ തമ്മിൽ ഒരു താരതമ്യം ഉണ്ടായിരുന്നു. ഒരു മികച്ച പ്രകടനത്തോട് അത് അങ്ങേയറ്റം വിവേകശൂന്യമാണെന്ന് എനിക്ക് തോന്നി. സതാംപ്ടൺ (2018) ന് ശേഷം എന്റെ ജീവിതത്തിൽ എനിക്ക് അനുഭവപ്പെട്ട ഏറ്റവും മോശം സംഭവം അതായിരുന്നു. ” അശ്വിൻ പറഞ്ഞു.

” എനിക്കെതിരെയുള്ള വിമർശനങ്ങൾ ഞാൻ വ്യക്തിപരമായി അത് സ്വയം ഏറ്റെടുത്തു. അതിനാൽ ലിയോണിനെതിരെ മത്സരിക്കുന്നതിനുപകരം, ഞാൻ സ്മിത്തിനെതിരെ മത്സരിക്കണമെന്ന് ഞാൻ കരുതി. ലിയോൺ മികച്ച ബോളറാണ്, എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്. പക്ഷെ എന്റെ ശ്രദ്ധ മറ്റൊരു കാര്യത്തിലായിരുന്നു. ഓസ്‌ട്രേലിയയിൽ സ്മിത്ത് സ്പിന്നിനെതിരെ ഒരിക്കലും പുറത്തായിട്ടിലെന്ന് റെക്കോർഡുണ്ട്. അത് മാറ്റി കുറിക്കാൻ ഞാൻ ആഗ്രഹിച്ചു. ”

സീരീസിന് മുമ്പ് ഞാൻ സ്വയം ചിന്തിച്ചു ‘പരമ്പരയിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണ്? ‘ വിരാട് കോഹ്‌ലിയുമായി എനിക്ക് മത്സരിക്കാനാവില്ല അതിനാൽ സ്മിത്തിനെതിരെ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു. ആരായിരിക്കും ടെസ്റ്റ് സീരീസിൽ സ്മിത്തിനെ പുറത്താക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം ആളുകൾ സംസാരിച്ചിരുന്നു. പക്ഷേ, ആരും എന്നെ ആ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല. പരമ്പരയുടെ അവസാനം ആളുകൾ എന്നെക്കുറിച്ച് സംസാരിക്കുമെന്ന് ഞാൻ നേരെത്തെ ഉറപ്പുവരുത്തി. ” അശ്വിൻ കൂട്ടിച്ചേർത്തു