Skip to content

‘ ഇംഗ്ലണ്ടിനെതിരായ സീരീസിൽ അങ്ങനെ സംഭവിച്ചാൽ പകുതി മീശ വടിച്ച് കളിക്കാൻ ഇറങ്ങും ‘ പൂജാരയുമായി പന്തയം വെച്ച് അശ്വിൻ

ഏറെ നാളുകൾക്ക് ശേഷം ഇന്ത്യയിൽ വീണ്ടും അന്തരാഷ്ട്ര മത്സരത്തിന് തുടക്കമാവുകയാണ്. ഫെബ്രുവരി 5ന് ആരംഭിക്കുന്ന ടെസ്റ്റ് സീരീസോടെ രണ്ട് മാസം നീണ്ടു നിൽക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിന് തുടക്കം കുറിക്കും. 4 ടെസ്റ്റ് മത്സരങ്ങളും 5 ടി20യും 3 ഏകദിനവുമാണ് പര്യടനത്തിലുള്ളത്. ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ പൂജാരയുമായി പന്തയം വെച്ചിരിക്കുകയാണ് ഇന്ത്യയുടെ ഓഫ് സ്പിന്നർ അശ്വിൻ. പന്തയത്തിൽ തോറ്റാൽ പകുതി മീശ വടിച്ച് കളിക്കാൻ ഇറങ്ങുമെന്നും അശ്വിൻ ഉറപ്പ് നൽകിയിട്ടുണ്ട്.

ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ സ്പിൻ ബോളർമാർക്കെതിരെ പൂജാര സിക്സ് പറത്തണമെന്നാണ് അശ്വിന്റെ പന്തയം. മൊയീൻ അലി, ജാക്ക് ലീച്ച്, ഡോം ബെസ് എന്നിവരാണ് ഇംഗ്ലണ്ട് സ്ക്വാഡിലുള്ള സ്പിന്നർമാർ. ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തൂറുമായി യൂട്യൂബ് ചാനലിൽ അശ്വിൻ നടത്തിയ അഭിമുഖത്തിനിടെയാണ് ഈ പന്തയം.

അഭിമുഖത്തിനിടെ “പൂജാര ഒരു ഓഫ് സ്പിന്നറെ സിക്സ് അടിക്കുന്നത് ഞങ്ങൾക്ക് എപ്പോഴെങ്കിലും കാണാൻ കഴിയുമോയെന്ന് ” അശ്വിൻ റാത്തൂറിനോട് ചോദിച്ചു.
” അക്കാര്യം പുരോഗതിയിലാണ്. ഒരു തവണയെങ്കിലും സിക്സ് അടിക്കണമെന്ന് ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. അദ്ദേഹം ഇപ്പോഴും പരിഗണിച്ചിട്ടില്ല, കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ” റാത്തോർ മറുപടി നൽകി.

മൊയിന്‍ അലി അല്ലെങ്കില്‍ മറ്റേതെങ്കിലും സ്പിന്നറുടെ തലയ്ക്ക് മുകളിലൂടെ ക്രീസ് വിട്ട് ഇറങ്ങി ഇംഗ്ലണ്ട് പരമ്ബരയില്‍ പൂജാര സിക്‌സ് പറത്തിയാല്‍ ഞാന്‍ എന്റെ പകുതി മീശ വടിച്ച്‌ കളിക്കാന്‍ ഇറങ്ങും. അതൊരു തുറന്ന വെല്ലുവിളിയാണ്, അശ്വിന്‍ പറഞ്ഞു.