Skip to content

ബോക്സിങ് ഡേ ടെസ്റ്റിന് മുൻപ് സച്ചിന്റെ ആ പ്രകടനം ഒരുപാട് തവണ കണ്ടിരുന്നു, വെളിപ്പെടുത്തലുമായി അജിങ്ക്യ രഹാനെ

മെൽബണിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപ് 1999 ൽ മെൽബണിൽ സച്ചിൻ നേടിയ സെഞ്ചുറിയുടെ വീഡിയോ ഒരുപാട് തവണ കണ്ടിരുന്നുവെന്ന് അജിങ്ക്യ രഹാനെ. അഡ്ലെയ്ഡിൽ 36 റൺസിന് പുറത്തായി എട്ട് വിക്കറ്റിന് പരാജയപെട്ട ശേഷം മെൽബണിൽ രഹാനെ തകർപ്പൻ സെഞ്ചുറി മികവിലാണ് ഇന്ത്യ 8 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി പരമ്പരയിൽ തിരിച്ചെത്തിയത്.

” ക്യാപ്റ്റനായിരിക്കെ എം സി ജിയിൽ സെഞ്ചുറി നേടിയ സച്ചിന്റെ ഇന്നിങ്‌സ് ഞാൻ കണ്ടിരുന്നു. 116 റൺസ് അന്ന് അദ്ദേഹം നേടി. മത്സരത്തിന് മുൻപുള്ള രാത്രിയിൽ പത്ത് തവണയും രാവിലെ ആറോ ഏഴോ തവണയോ ഞാൻ അദ്ദേഹത്തിന്റെ പ്രകടനം കണ്ടു, അദ്ദേഹവും രാഹുൽ ദ്രാവിഡുമാണ് എന്റെ റോൾ മോഡൽ. ” രഹാനെ പറഞ്ഞു.

112 റൺസ് നേടിയാണ് ബോക്സിങ് ഡേ ടെസ്റ്റിൽ രഹാനെ പുറത്തായത്. രഹാനെയുടെ സെഞ്ചുറി മികവിൽ പരമ്പരയിൽ ഓസ്‌ട്രേലിയക്കൊപ്പമെത്തിയ ഇന്ത്യ പിന്നീട് പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.

” എപ്പോഴെല്ലാം ഞാൻ റൺസ് നേടി ടീം വിജയിക്കുന്നവോ അതെല്ലാം എനിക്ക് സ്‌പെഷ്യലാണ്. ടെസ്റ്റ് മാച്ച് വിജയിക്കുകയും ടെസ്റ്റ് പരമ്പര സ്വാന്തമാക്കുകയും ചെയ്യുകയെന്നതായിരുന്നു വ്യക്തിപരമായ നേട്ടങ്ങളേക്കാൾ ഞാൻ മുൻഗണന നൽകിയത്. ” രഹാനെ കൂട്ടിച്ചേർത്തു.

” തീർച്ചയായും മെൽബണിലെ സെഞ്ചുറി സ്‌പെഷ്യൽ തന്നെയായിരുന്നു. ലോർഡ്സിൽ നേടിയ സെഞ്ചുറിയാണ് എന്റെ ഏറ്റവും മികച്ച പ്രകടനമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ കുറെയാളുകൾ മെൽബണിലെ പ്രകടനമാണ് ലോർഡ്സിലെ സെഞ്ചുറിയേക്കാൾ മികച്ചതെന്ന് അഭിപ്രായപെടുന്നു. അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല. പക്ഷേ അഡ്ലെയ്ഡ് മത്സരത്തിന് ശേഷമുള്ള സാഹചര്യവും മെൽബൺ ടെസ്റ്റിന്റെ പ്രാധാന്യവും കണക്കിലെടുത്താൽ ഈ സെഞ്ചുറിയും വളരെയധികം സ്‌പെഷ്യൽ തന്നെയാണ് ” രഹാനെ പറഞ്ഞു.